ചെറുവണ്ണൂരില്‍ ഭരണം യുഡിഎഫിലേക്കോ? ഇരുമുന്നണികള്‍ക്കും തുല്യനില, നിർണ്ണായകം 15-ാം വാർഡിലെ ജനവിധി
പേരാമ്പ്ര: നിർണ്ണായകമായി കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ടി രാധ നിര്യാതയായതോടെ ഭരണ സമിതിയില്‍ യു ഡി എഫിനും എല്‍ ഡി എഫിനും തുല്യ അംഗബലമായി. ഇതോടെയാണ് 15-ാം വാർഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ശ്രദ്ധേയമായത്. വാർഡ് നിലനിർത്താന്‍ സാധിച്ചാല്‍ പഞ്ചായത്ത് ഭരണവും എല്‍ ഡി എഫിന് നിലനിർത്താം. നേരെ മറിച്ച് യു ഡി എഫ് വാർഡ് പിടിക്കുകയാണെങ്കില്‍ പഞ്ചായത്ത് ഭരണം അവർക്ക് ലഭിക്കും. ആർക്കും വ്യക്തമായ മേല്‍ക്കൈ ഇല്ലാത്ത വാർഡാണ് 15 എന്നതും മത്സരം കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടി രാധയുടെ ജനകീയതയായിരുന്നു സി പി ഐക്ക് അവിടെ വിജയം ഒരുക്കിയത്. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ യു ഡി എഫിന്റെ ശ്രീലേഖ പയ്യത്തിനെ 11 വോട്ടുകള്‍ക്കായിരുന്നു രാധ പരാജയപ്പെടുത്തിയത്. രാധക്ക് 590 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശ്രീലേഖയ്ക്ക് 579 വോട്ടും ലഭിച്ചും. സി പി എമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന വാർഡ് 15 2010 ല്‍ ശ്രീലേഖയിലൂടെ യു ഡി എഫ് പിടിച്ചിരുന്നു.

ഇടത് സഹയാത്രികയായിരുന്ന ശ്രീലേഖ മുസ്ലിം ലീഗ് സ്വതന്ത്രയായാണ് മത്സരിച്ച് വിജയിച്ചത്. മുന്നണിയിലെ ധാരണ പ്രകാരം ഒരു വർഷത്തോളം അവർ പ്രസിഡന്റ് ആവുകയും ചെയ്തു. എന്നാല്‍ 2015 ലെ തിരഞ്ഞെടുപ്പില്‍ സി പി എം വാർഡ് പിടിച്ചെടുത്തു. യു ഡി എഫ് വീണ്ടും ശ്രീലേഖ പയ്യത്തിനെ രംഗത്ത് ഇറക്കിയപ്പോള്‍ 42 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി പി എമ്മിലെ കെ കുഞ്ഞികൃഷ്ണന്‍ വിജയിക്കുകയായിരുന്നു.

2020 ല്‍ മുസ്ലിം ലീഗ് മൂന്നാമതും ശ്രീലേഖയെ രംഗത്ത് ഇറക്കിയെങ്കിലും ഇടി രാധയിലൂടെ സി പി ഐ എല്‍ ഡി എഫിന് വേണ്ടി വാർഡ് പിടിച്ചു. 15 അംഗ ഭരണസമിതിയിൽ എൽ ഡി എഫ് എട്ട് സീറ്റുകളുമായി അധികാരത്തിലെത്തിയപ്പോള്‍ യു ഡി എഫിന് ഏഴ് സീറ്റായിരുന്നു ലഭിച്ചത്. രാധയുടെ മരണത്തോടെ ഇരു മുന്നണികളുടേയും സീറ്റ് നില ഏഴ് വീതമായി.

എല്‍ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പദവി സി പി ഐക്ക് നല്‍കിയതെങ്കിലും പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറെ മാറ്റുന്നത് സംബന്ധിച്ച് ഇരു പാർട്ടികള്‍ക്കിടയിലും ഭിന്നത രൂക്ഷമായിരുന്നു. പന്നി മുക്ക് - ആവള റോഡ് ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട വിഷയമാണ് സി പി എം - സി പി ഐ പ്രവർത്തകർ തമ്മിലുള്ള അടിപിടിക്ക് കാരണമായത്.

ഇതിന്റെ തുടർച്ചയായി എ വൈ എഫ് ഐ നേതാവിനെ സി പി എം പ്രവർത്തകർ വീടുകയറി മർദ്ദിക്കുന്ന സംഭവവും ഉണ്ടായി. ഇതിനിടയില്‍ തന്നെയാണ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സി പി ഐയും എല്‍ ജെ ഡിയും സി പി എമ്മിനെതിരെ മത്സരിക്കാനൊരുങ്ങിയത്. സി പി ഐക്ക് നിലവിലെ സീറ്റ് പോലും നിഷേധിച്ചപ്പോള്‍ മുഴുവന്‍ സീറ്റിലും ഇപ്പോള്‍ സി പി എം അംഗങ്ങളാണ്.

സി പി ഐ വനിതാ നേതാവിന്റെ പരാതിയിൽ സി പി എം ഏരിയ കമ്മിറ്റി അംഗവും ഒൻപതാം വാർഡ് അംഗവുമായ കെ പി ബിജുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതും സി പി എം പ്രചരണായുധമാക്കും. സി പി ഐക്ക് സ്ഥാനാർഥിയായി എസ് സി വനിതയെ കണ്ടെത്തേണ്ടതുണ്ട്. സീറ്റ് ജനറൽ വനിതയാണെങ്കിലും എസ്. സി വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാല്‍ മാത്രമേ പ്രസിഡന്റ് പദം സി പി ഐക്ക് ലഭിക്കുകയുമുള്ളു.












Click it and Unblock the Notifications