സൗത്തില്‍ മാത്രമല്ല വടകരയിലും കൊടുവള്ളിയിലും യുഡിഎഫ്-ബിജെപി ധാരണയുണ്ടായിരുന്നു: സിപിഎം
കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ലക്ഷ്യമാക്കി മുസ്ലിം ലീഗും യു ഡി എഫും നടത്തിയ രഹസ്യ നീക്കങ്ങളുടെ സംസാരിക്കുന്ന തെളിവായിട്ടാണ്,മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്‍റെ ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നതെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ തോല്പിക്കാനായി ബിജെപിയുടെ വോട്ട് വാങ്ങിക്കണമെന്നും അതിന് ബി ജെ പി നേതാക്കളുമായി സംസാരിക്കാന്‍ താന്‍ തയ്യാറാണെന്നുമാണ് പുറത്ത് വന്ന ശബ്ദരേഖയില്‍ സലാം ഒരു ലജ്ജയുമില്ലാതെ പ്രവര്‍ത്തകനോട് പറയുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ സംസ്ഥാന തലത്തില്‍ യുഡി എഫും ബി ജെ പിയും തമ്മിലുള്ള രഹസ്യബാന്ധവത്തെ കുറിച്ച് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടിയതാണ്. ഇലക്ഷന് ശേഷം കൊടുവള്ളി, വടകര തുടങ്ങിയ കോഴിക്കോട് ജില്ലയിലെ യുഡിഎഫ് ജയിച്ച പല മണ്ഡലങ്ങളിലും ബി ജെപി വോട്ട് വിഹിതം ഗണനീയമായി കുറഞ്ഞത് ഈ രഹസ്യക്കച്ചവടത്തിന്‍റെ ഫലമായിരുന്നുവെന്ന് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. അതെല്ലാം കൃത്യമായി ശരിവെക്കുന്ന തരത്തിലാണ് സലാമിന്‍റെ ശബ്ദരേഖ പുറത്തു വന്നിരിക്കുന്നതെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.

1991 മുതല്‍ കേരളത്തില്‍ കോലീബി എന്ന പേരില്‍ കുപ്രസിദ്ധമായ ബിജെ പി യു ഡി എഫ് ബാന്ധവം ഒളിഞ്ഞും മറിഞ്ഞുമെല്ലാം തുടരുകയാണ്. ഇപ്പോള്‍ കെ-റെയില്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ വികസന പദ്ധതികളെ അട്ടിമറിക്കാനായി ബി ജെ പി യും യു ഡി എഫും ജമാഅത്തെ ഇസ്ലാമിയുള്‍പ്പെടെയുള്ള സര്‍വ്വ കമ്യൂണിസ്റ്റുവിരുദ്ധരും ഒന്നിച്ചിരിക്കുന്നതാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റ്കാരെയും ആഭ്യന്തര ശത്രുക്കളായി കണ്ടു രാജ്യമെമ്പാടും സംഘപരിവാറും കേന്ദ്ര സര്‍ക്കാറും ചേര്‍ന്ന് വേട്ടയാടി കൊണ്ടിരിക്കുമ്പോഴാണ് മുസ്ലിം ലീഗ് ബി ജെ പിയുമായി ചേര്‍ന്ന്
രാഷ്ട്രീയം കളിക്കുന്നത്.
ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം തങ്ങള്‍ക്കാണെന്ന് നാഴികക്ക് നാല്പത് വട്ടം പറഞ്ഞു നടക്കുന്നവരാണ് ബി ജെ പിയുമായി ചേര്‍ന്ന് ഇടതുപക്ഷത്തെ അട്ടിമറിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നതെന്ന് മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്ന മുസ്ലിം മതവിശ്വാസികള്‍ ഉള്‍പ്പെടെ എല്ലാവരും മനസിലാക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് കൂട്ടിച്ചേർത്തു.
Recommended Video
അതേസമയം, ബിജെപിയോട് വോട്ട് ചോദിക്കുകയെന്നത് പാര്‍ട്ടി നിലപാടല്ലെന്ന് ലീഗ് നേതാവ് കെ പി എ മജീദ് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ വിശദീകരണം നല്‍കാന്‍ പിഎംഎ സലാം തയ്യാറായിട്ടില്ല.












Click it and Unblock the Notifications