കോഴിക്കോടിന് പ്രശംസയുമായി മോദി: ഇത്രമേൽ സാഹിത്യസാംസ്കാരിക മേഖലയെ സ്വാധീനിച്ച മറ്റൊരു ദേശമില്ലെന്ന് പിണറായിയും
കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യനഗരമായി കോഴിക്കോട് തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും. ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ച കോഴിക്കോട്ടെ ജനങ്ങളെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കോഴിക്കോടിന്റെ സമ്പന്നമായ സാഹിത്യപാരമ്പര്യത്തോടെ ഇന്ത്യയുടെ സാംസ്കാരികമായ ഊർജസ്വലത ആഗോളതലത്തിൽ തിളങ്ങുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. 'യുനെസ്‌കോയുടെ 'സാഹിത്യ നഗരം' ബഹുമതി ലഭിച്ചതോടെ സാഹിത്യ കലയോടുള്ള കോഴിക്കോടിന്റെ അഭിനിവേശം ആഗോളതലത്തിൽ ഇടം നേടിയിരിക്കുന്നു. ഊർജ്ജസ്വലമായ സാഹിത്യ പാരമ്പര്യമുള്ള ഈ നഗരം പഠനത്തെയും കഥാകഥനത്തെയും പ്രതിനിധാനം ചെയ്യുന്നു. സാഹിത്യത്തോടുള്ള കോഴിക്കോടിന്റെ അഗാധമായ സ്നേഹം ലോകമെമ്പാടുമുള്ള എഴുത്തുകാരെയും വായനക്കാരെയും പ്രചോദിപ്പിക്കുന്നത് തുടരട്ടെ.' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഈ അന്താരാഷ്ട്ര അംഗീകാരം നാം ആഘോഷിക്കുമ്പോൾ, നമ്മുടെ വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത നമ്മുടെ രാഷ്ട്രം ആവർത്തിച്ചുറപ്പിക്കുകയാണ്. നമ്മുടെ അതുല്യമായ സാംസ്കാരിക ആഖ്യാനങ്ങളെ പരിപോഷിപ്പിക്കാനും പങ്കിടാനും പ്രതിജ്ഞാബദ്ധരായ എല്ലാ വ്യക്തികളുടെയും കൂട്ടായ പ്രയത്നങ്ങളെയാണ് ഈ അംഗീകാരങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, കോഴിക്കോടിന്റെ സമ്പന്നമായ സാഹിത്യപൈതൃകത്തിനും ഊർജ്ജസ്വലമായ സാംസ്കാരികമേഖലയ്ക്കും ലഭിച്ച അർഹിച്ച അംഗീകാരമാണ് 'യുനെസ്കോയുടെ സാഹിത്യനഗര'മെന്ന പദവിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബേപ്പൂരുള്ള ഒരു മാങ്കോസ്റ്റിൻ മരച്ചുവട് ഒരു കാലത്ത് മലയാള സാഹിത്യത്തിന്റെയാകെ തണലായിരുന്നു. കോഴിക്കോട് നഗരത്തിന്റെ ചരിത്രത്തേയും തെരുവുകളേയും അതിരാണിപ്പാടത്തേയും കടപ്പുറത്തേയും മനുഷ്യരേയും ഒന്നും മാറ്റി നിർത്തി നമുക്ക് മലയാള സാഹിത്യത്തെക്കുറിച്ച് സംസാരിക്കാനാകില്ല. ഇത്രമേൽ കേരളത്തിന്റെ സാഹിത്യസാംസ്കാരിക മേഖലയെ സ്വാധീനിച്ച മറ്റൊരു ദേശമില്ലെന്നും പിണറായി പറഞ്ഞു.
കോഴിക്കോട് ജന്മം നൽകിയവരും കോഴിക്കോടിനെ തേടിയെത്തിയവരുമായ എത്രയെത്ര സാഹിത്യകാരന്മാർ! എസ് കെ പൊറ്റക്കാടും എം ടി വാസുദേവൻ നായരും വൈക്കം മുഹമ്മദ് ബഷീറും തിക്കോടിയനും എൻ എൻ കക്കാടും പി വത്സലയും കെ ടി മുഹമ്മദും സഞ്ജയനും എൻ വി കൃഷ്ണ വാര്യരും ഉൾപ്പെടെയുള്ള അനവധി അതിപ്രഗത്ഭരായ സാംസ്കാരികനായകർ പടുത്തുയർത്തിയതാണ് ആ നഗരത്തിന്റെ അതിസമ്പന്നമായ, ജീവസ്സുറ്റ സാംസ്കാരികലോകം. അതിന്റെ തിളക്കം ഇന്നത്തെ തലമുറ കെടാതെ സൂക്ഷിക്കുന്നു എന്നതിന്റെ തെളിവു കൂടിയാണ് ഈ അംഗീകാരം
യുനെസ്കോ സാഹിത്യനഗരമെന്ന പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് കോഴിക്കോട് എന്നത് നേട്ടത്തിന്റെ തിളക്കമേറ്റുന്നു. ഈ പുരസ്കാരലബ്ധി കേരളത്തിന്റെയാകെ സാഹിത്യസാംസ്കാരിക മേഖലയെ കൂടുതൽ മികവുറ്റതാക്കാൻ നമുക്ക് പ്രചോദനമാകട്ടെ. കോഴിക്കോട്ടുകാർക്ക് അഭിനന്ദനങ്ങൾ!












Click it and Unblock the Notifications