'ഭാരത് മാതാ കീ ജയ്' ഏറ്റു വിളിച്ചില്ല: കോഴിക്കോട്ടെ സദസ്സിനോട് ക്ഷുഭിതയായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
കോഴിക്കോട്: 'ഭാരത് മാതാ കീ ജയ്' ഏറ്റു വിളിക്കാത്തതില്‍ സദസ്സിനോട് പ്രകോപിതയായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട് നടന്ന എവേക്ക് യൂത്ത് ഫോര്‍ നേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രി സദസ്സിനോട് ക്ഷോഭിച്ചത്. പ്രസംഗത്തിന് ശേഷം 'ഭാരത് മാതാ കീ ജയ്' വിളിച്ചെങ്കിലും സദസ്സിലുള്ളവർ ഏറ്റുവിളിച്ചില്ലെന്നതാണ് മന്ത്രിയെ പ്രകോപിതയാക്കിയത്.
കോഴിക്കോട്ടെ കണ്ടംകുളം ജൂബിലി ഹാളിലായിരുന്നു എവേക്ക് യൂത്ത് ഫോര്‍ നേഷന്‍ പരിപാടി നടന്നത്. സദസില്ലുള്ളവർ ഉച്ചത്തില്‍ 'ഭാരത് മാത കീ ജയ്' ഏറ്റുവിളിക്കാതിരുന്നതോടെ എന്താണ് ഇങ്ങനെയെന്ന് മന്ത്രി ചോദിച്ചു. സദസ്സിലുണ്ടായിരുന്ന ഒരു സ്ത്രീയോട് 'ഭാരതം നിങ്ങളുടെ അമ്മയല്ലേ, അല്ലെങ്കില്‍ വീട്ടില്‍നിന്ന് പുറത്തുപോകണം' എന്നും മന്ത്രി പറഞ്ഞു. തുടർന്ന് സദസ്സിൽ ഇരുന്നവർ മുഴുവൻ മുദ്രാവാക്യം വിളിക്കുന്നത് വരെ മീനാക്ഷി ലേഖി 'ഭാരത് മാതാ കീ ജയ്' വിളിച്ചു.

സദസ്സിനോടുള്ള അസന്തുഷ്ടി പ്രകടമാക്കുന്ന രീതിയിലായിരുന്നു മന്ത്രിയുടെ വാക്കുകള്‍. 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാൻ സദസ്സിനെ മന്ത്രി ആവർത്തിച്ച് നിർബന്ധിക്കുകയായിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ലെന്നും സുതാര്യമായ അന്വേഷണമാണ് നടക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണം. എല്ലാം നിയമാനുസരണമാണെങ്കിൽ ഭയപ്പെടേണ്ടതില്ല. പിണറായി വിജയന്‍റെ മകൾ എന്ന പ്രത്യേക പരിഗണന വീണക്ക് ലഭിക്കില്ലെന്നും മീനാക്ഷി ലേഖി പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.
കേന്ദ്ര സർക്കാറിനെ സംസ്ഥാന നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയെ പ്രമേയത്തേയും മന്ത്രി നിശിതമായ ഭാഷയില്‍ വിമർശിച്ചു. കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്നു എന്നത് വ്യാജ പ്രചാരണമാണ്. കേരളത്തിനായി കേന്ദ്ര സർക്കാർ ധാരാളം പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കുന്നു. ഒന്നും ചെയ്യാതെ കടമെടുത്ത് മാത്രം കാര്യങ്ങൾ നടത്താൻ പറ്റില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര അവഗണനയെന്നത് വ്യാജ പ്രചാരണം. വ്യാജ പ്രചാരണം നടത്താൻ കമ്മ്യൂണിസ്റ്റുകാർ മിടുക്കന്മാരാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.












Click it and Unblock the Notifications