കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൗമുദി തന്‍റെ സ്വർണവള ഊരി ഗാന്ധിജിയെ ഏൽപ്പിച്ച കഥ നാടിനറിയാം ;ഗാന്ധിജിയുടെ വടകര സന്ദർശനത്തിന്‍റെ അധികമാരും അറിയപ്പെടാത്ത ഏടുകള്‍ ഏറെയുണ്ട്

  • By Desk
Google Oneindia Malayalam News

വടകര : കോലത്തിരി രാജവംശത്തിലെ രാമവർമരാജയുടെയും ചിറക്കൽ കൊട്ടാരത്തിലെ ദേവകി കെട്ടിലമ്മയുടെയും മകളായ കൗമുദി തന്‍റെ സ്വർണവള ഊരി ഗാന്ധിജിയെ ഏൽപ്പിച്ച കഥ നാടിനറിയാം ,എന്നാല്‍ ഗാന്ധിജിയുടെ വടകര സന്ദർശനത്തിന്റെ അധികമാരും അറിയപ്പെടാത്ത ഏടുകള്‍ ഏറെയുണ്ട് .

<strong>എല്ലാ കണ്ണും ഉറ്റു നോക്കുന്നു: ശബരിമല നട വെള്ളിയാഴ്ച തുറക്കും, അടിസ്ഥാന സൗകര്യമില്ലാതെ തീർത്ഥാടകർ, സർക്കാർ പൂർണ പരാജയമെന്ന് തെളിയിക്കുന്നതായിരിക്കും ഈ തീർത്ഥാടനകാലം</strong>എല്ലാ കണ്ണും ഉറ്റു നോക്കുന്നു: ശബരിമല നട വെള്ളിയാഴ്ച തുറക്കും, അടിസ്ഥാന സൗകര്യമില്ലാതെ തീർത്ഥാടകർ, സർക്കാർ പൂർണ പരാജയമെന്ന് തെളിയിക്കുന്നതായിരിക്കും ഈ തീർത്ഥാടനകാലം

1934 ജനുവരി 13. വടകരയിലെ സന്ദർശനത്തിനുശേഷം ഗാന്ധിജി മടങ്ങുകയാണ്... ദേശീയപാതയിലെ മൂരാടിൽ അന്ന് പാലമില്ല. കടവിൽനിന്ന് ഗാന്ധിജി സഞ്ചരിച്ച കാർ ചങ്ങാടത്തിലേക്ക് കയറ്റി. പിൻസീറ്റിൽ ഇരിക്കുകയായിരുന്ന ഗാന്ധിജിയുടെ കൈകളിലേക്ക് നവദമ്പതിമാരായ തറമൽ കൃഷ്ണനും സുനന്ദയും വെള്ളിത്തളികയിൽ മധുരനാരങ്ങയും റോസാപ്പൂക്കളും നൽകി.

Kaumudi

ഇവർക്ക് വിവാഹസമ്മാനമായി ലഭിച്ചതായിരുന്നു വെള്ളിത്തളിക. നിറഞ്ഞ പുഞ്ചിരിയോടെ ഗാന്ധിജി സുനന്ദയോട്‌ ചോദിച്ചു- ' ഇതെനിക്കാണോ...’ നാരങ്ങയും റോസാപ്പൂവും മടിയിൽ ചൊരിഞ്ഞശേഷം വെള്ളിത്താലം ഉയർത്തിപ്പിടിച്ച് വീണ്ടും ചോദിച്ചു. 'ഇതും എനിക്കാണോ...’ സുനന്ദ ഉത്തരം പറഞ്ഞു -'അതെ ബാപ്പുജീ..ആ വെള്ളിത്താലം കോഴിക്കോട്ട് നടന്ന പൊതുപരിപാടിയിൽ ലേലം വിളിച്ചപ്പോൾ കിട്ടിയത് 300 രൂപ.

ഇത് ഹരിജൻ ഫണ്ടിലേക്ക് മാറ്റി. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന തറമൽ കൃഷ്ണൻ തന്നെ എഴുതിയതാണ് ഈ സംഭവം. ഗാന്ധിജിയുടെ വടകര സന്ദർശനത്തിന്റെ അധികമാരും അറിയപ്പെടാത്ത ഏടാണിത്. ഇന്നും എല്ലാവരുടെയും ഓർമയിൽ നിലനിൽക്കുന്നത് കൗമുദിയെന്ന പതിനാറുകാരിയുടെ സ്വർണദാനമാണ്. വടകര കോട്ടപ്പറമ്പിൽ പ്രസംഗിച്ചുകൊണ്ടിരിക്കേ, അധികമെന്നുതോന്നുന്ന ആഭരണങ്ങൾ ഹരിജൻ ഫണ്ടിലേക്ക് നൽകണമെന്ന് സ്ത്രീകളോട് ഗാന്ധിജി ആവശ്യപ്പെട്ടിരുന്നു.

ഇതുകേട്ടാണ് കോലത്തിരി രാജവംശത്തിലെ രാമവർമരാജയുടെയും ചിറക്കൽ കൊട്ടാരത്തിലെ ദേവകി കെട്ടിലമ്മയുടെയും മകളായ കൗമുദി വേദിയിലേക്ക് കയറിവന്നത്. സ്വർണവള ഊരി ഗാന്ധിജിയെ ഏൽപ്പിച്ചു. ഇതേക്കുറിച്ച് ഗാന്ധിജി പിന്നീട് എഴുതിയത് ഇങ്ങനെ- 'വള നൽകിയശേഷം അവൾ എന്നോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടു... അപ്പോൾ അവൾ ഒരു വളകൂടി അഴിച്ചു... എനിക്ക് ഒരുവള മതി, ഓട്ടോഗ്രാഫ് തരും എന്നുപറഞ്ഞപ്പോൾ സ്വർണ നെക്ലേസ് ഊരിത്തന്നാണ് മറുപടി പറഞ്ഞത്... ഒടുവിൽ കർണാഭരണങ്ങളും അഴിച്ചുതന്നു... ഇവയ്ക്കുപകരം ആഭരണങ്ങൾ വാങ്ങി ധരിക്കേണ്ടെന്ന് ഞാൻ പറഞ്ഞു...

കൗമുദിക്ക് നൽകിയ ഓട്ടോഗ്രാഫിൽ ഗാന്ധിജി എഴുതി. 'നീ കൈവിട്ടുകളഞ്ഞ ആഭരണത്തെക്കാൾ എത്രയോ മികച്ച ആഭരണമാണ് ആ ത്യാഗം...’ ഇതേവേദിയിൽത്തന്നെ വടകരയിൽ ചക്കര വിൽക്കാൻ വന്ന സ്ത്രീ തന്റെ കമ്മൽ അഴിച്ച് ഗാന്ധിജിക്ക് നൽകിയതായി സ്വാതന്ത്ര്യസമരസേനാനി കെ. കുഞ്ഞിരാമക്കുറുപ്പ് തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരു നാരങ്ങയും ഗാന്ധിജി ഇവിടെ ലേലംചെയ്തു. ലേലം കേറി പത്തുരൂപയിലെത്തി. ഒടുവിൽ അവ്യക്തമായ മലയാളത്തിൽ ഗാന്ധിജി വിളിച്ചുപറഞ്ഞു -' പത്തുറുപ്പിക... മൂന്ന് വട്ടം.. വടകരയിൽനിന്ന് ഗാന്ധിജി നേരെപോയത് പയ്യോളി തുറയൂരിനു സമീപമുള്ള പാക്കനാർപുരത്താണ്. കേരളഗാന്ധി കെ. കേളപ്പൻ 1927-ൽ ഹരിജൻ വിദ്യാർഥികൾക്കായി തുടങ്ങിയ ശ്രദ്ധാനന്ദ വിദ്യാലയ കെട്ടിടം നാടിന് സമർപ്പിക്കാൻ. രണ്ട് ഓലഷെഡ്ഡിലായിരുന്നു ആദ്യം വിദ്യാലയത്തിന്റെ പ്രവർത്തനം. പിന്നീട് കേളപ്പജി സിങ്കപ്പൂരിലും മറ്റും സന്ദർശനം നടത്തി പണം സ്വരൂപിച്ചാണ് ഇന്ന് പാക്കനാർപുരത്ത് കാണുന്ന ഗാന്ധിസദനം കെട്ടിടം നിർമിച്ചത്. ഇത് ഉദ്ഘാടനം ചെയ്യാനായിരുന്നു ഗാന്ധിജിയുടെ വരവ്.

പ്രധാനറോഡിൽനിന്ന്‌ ഗാന്ധിസദനത്തിലേക്കുള്ള ചെമ്മൺ പാതയുടെ ഇരുവശത്തും ഇരിങ്ങത്ത് ഹയർ എലമെന്ററി സ്‌കൂളിലെ കുട്ടികൾ കൈകോർത്തുപിടിച്ചാണ് ഗാന്ധിജിക്ക്‌ സ്വാഗതം അരുളിയത്. ഇവിടെ ഒരു തെങ്ങിൻതൈ നടുകയും ചെയ്തു. ഗാന്ധിജി ഒരുദിവസം ഇവിടെ താമസിച്ചതായും പറയുന്നുണ്ട്. കേരള ഹരിജൻ സേവാസംഘത്തിനാണ് ഇന്ന് കെട്ടിടത്തിന്റെ ചുമതല. 2014-ൽ ഇവിടെ കേരളഗാന്ധി കെ. കേളപ്പൻ പഠനഗവേഷണകേന്ദ്രം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ, ഇതുവരെ ഗാന്ധിജിയുടെ പാദസ്പർശമേറ്റ സ്ഥാപനമെന്ന പരിഗണനയൊന്നും ലഭിച്ചിട്ടില്ല. മ്യൂസിയം, ലൈബ്രറി, പഠനകേന്ദ്രം എന്നിവയാണ് ലക്ഷ്യമിട്ടത്. ലൈബ്രറിയിൽ കുറച്ച് പുസ്തകങ്ങളുണ്ട്. മ്യൂസിയത്തിന്റെ ഭാഗമായുള്ളത് പഴയ പത്രത്താളുകളും ചിത്രങ്ങളും മാത്രം. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ ശോച്യാവസ്ഥയിലാണ്.

Kozhikode
English summary
Unknown things of Gandhiji's Vadakara visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X