കണ്ടിട്ടില്ലേ ആ രണ്ടു ചിത്രങ്ങൾ... തെരഞ്ഞെടുപ്പിനിടെ വൈറലായ രണ്ടു ഫോട്ടോകൾ, വടകര മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് കാലത്തും കൈവിടാത്ത കരുതലും സ്നേഹവും...
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രണ്ടു ചിത്രങ്ങള്‍ക്കു കയ്യടിച്ച്്സോഷ്യല്‍മീഡിയ. വോട്ടുചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തിയ യുവതിയുടെ കൈക്കുഞ്ഞിനെ കരുതലോടെ സൂക്ഷിച്ച ഹോംഗാര്‍ഡിന്റെ ചിത്രമാണ് വൈറലായവയില്‍ ഒന്ന്. വടകര മണ്ഡലത്തിലായിരുന്നു സംഭവം. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശദിവസം കണ്ണൂര്‍ നഗരത്തില്‍ നിന്നുള്ളതാണ് രണ്ടാമത്തെ ചിത്രം.
തെരഞ്ഞെടുപ്പുഗോദയില്‍ പരസ്പരം പോരടിക്കുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൊടികളുമായി ഒരു കാറില്‍ നഗരം ചുറ്റുകയായിരുന്ന യുവാക്കളുടെ ചിത്രം പകര്‍ത്തിയത് മാധ്യമം ദിനപത്രത്തിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി. സന്ദീപാണ്. കക്ഷിരാഷ്ട്രീയത്തിനപ്പുറം സൗഹൃദത്തിന്റെ കെട്ടുറപ്പിനെ ബോധ്യപ്പെടുത്തുന്നതാണ് ചിത്രം.

കോഴിക്കോട് സ്വദേശിയായ സന്ദീപിന്റെ ഫേസ് ബുക്ക് വാളില്‍ നിന്നു കോപ്പി ചെയ്ത ചിത്രം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലുമെല്ലാം പറപറക്കുകയാണ്. പ്രചാരണക്കാലത്ത് തങ്ങളുടെ പാര്‍ട്ടിക്കുവേണ്ടി കടുത്തവാക്കുകള്‍ കൊണ്ട് വാദിച്ചവരിലേറെയും സൗഹൃദത്തിനു മാറ്റമില്ലെന്ന അടിക്കുറിപ്പോടെ ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.
വടകര ലോക്‌സഭാമണ്ഡലത്തിലെ തിരുവള്ളൂര്‍ വള്യാട് യുപി സ്‌കൂളിലെ 115-ാം ബൂത്തില്‍ നിന്നാണ് കരുതലിന്റെയും സാഹോദര്യത്തിന്റെയും മാതൃക പകര്‍ന്ന ഹോം ഗാര്‍ഡിന്റെ ചിത്രം പുറത്തുവന്നത്. കൈക്കുഞ്ഞുമായി വോട്ട് ചെയ്യാന്‍ എത്തിയ യുവതിക്കൊപ്പം മറ്റാരുമുണ്ടായിരുന്നില്ല. ബൂത്തിലേക്ക് കയറിയപ്പോഴാണ് യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് രാധാകൃഷ്ണനോട് കുഞ്ഞിനെ നോക്കുമോ എന്നു ചോദിച്ചത്.
തികഞ്ഞ സന്തോഷത്തോടെ കുഞ്ഞിനെ കൈകളിലേക്കു വാങ്ങിയ രാധാകൃഷ്ണന്‍ അമ്മ വോട്ട് ചെയ്ത് വരുന്നത് വരെ കാത്തുനിന്നു. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്ന ഹോംഗാര്‍ഡിന്റെ രംഗം സമീപത്തുണ്ടായിരുന്നയാള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലേക്ക് കൈമാറുകയായിരുന്നു. ചിത്രം വൈറലായതോടെ അഭിനന്ദന പ്രവാഹമാണ് രാധാകൃഷ്ണന്. വടകര ട്രാഫിക് യൂനിറ്റില്‍ ജോലി ചെയ്യുന്ന രാധാകൃഷ്ണന്‍ കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശിയാണ്.












Click it and Unblock the Notifications