വിശ്വനാഥന്റെ മരണം ഗൗരവമായി കാണുന്നു: മധു കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ നല്‍കുന്നുവെന്നും മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം പോലുള്ള സംഭവങ്ങള്‍ ഗൗരവമായി കാണുന്നുവെന്ന് പട്ടികജാതിക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. സംഭവത്തില്‍ കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നുണ്ട്. അട്ടപ്പാടി മധു കേസിലെ സാക്ഷികള്‍ക്ക് മതിയായ സുരക്ഷ നല്‍കി കൂറുമാറ്റം തടയുമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് പൊതുവേ പട്ടികവര്‍ഗ വിഭാഗക്കാര്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയാകുന്നില്ല. എന്നാല്‍, ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിച്ചുവരുന്നു. വയനാട് സ്വദേശിയായ ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരുകയാണ്. ഈ കേസില്‍ നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ കോഴിക്കോട് സിറ്റി പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്', മന്ത്രി സഭയില്‍ പറഞ്ഞു.
രാജ്യത്ത് പട്ടികവര്‍ഗ്ഗ വിഭാഗം നേരിടുന്ന തരത്തിലുള്ള വെല്ലുവിളികള്‍ കേരളത്തില്‍ നേരിടുണ്ട്. സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗക്കാര്‍ ആക്രമണത്തിനും അധിക്ഷേപത്തിനും പൊതുവേ ഇരയാകുന്ന പ്രവണതയില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഗൗരവത്തോടെ കാണുകയാണ്. ഇത്തരം വിഷയങ്ങളില്‍ സർക്കാർ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണ്. പട്ടികവര്‍ഗ്ഗക്കാര്‍ ആക്രമണത്തിന് ഇരയാകുന്നത് തടയാന്‍ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആദിവാസി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മോഷണത്തിന് ശ്രമിച്ചെന്ന് ആരോപിച്ച് വയനാട് മേപ്പാടി പാറവയല്‍ കോളനിക്കാരനായ വിശ്വനാഥ(46)നെ ആശുപത്രിയിലെ സുരക്ഷാ ഉദ്യേഗസ്ഥര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്തിരുന്നുവെന്നും ഇതിന് പിന്നാലെ കാണാതായ ഇദ്ദേഹത്തെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications