സിപിഎം കമ്യൂണിസം വിട്ട് ക്രിമിനലിസത്തിലേക്കെന്ന് വിഎം സുധീരൻ: വിമര്‍ശനം സ്ഥാനാര്‍ത്തിത്വത്തിനെതിരെ!!
പേരാമ്പ്ര: സർവ്വ മേഖലകളിലും പരാജയപ്പെട്ട പിണറായി സർക്കാർ കേരളത്തിന് ബാധ്യതയാണെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി എം സുധീരൻ. വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമം ചാലിക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ രാഷ്ട്രീയ സംഘർഷങ്ങളുടെ ഭൂമിയാക്കി മാറ്റിയ കമ്മ്യൂണിസ്റ്റ് പാർട്ടി കമ്മ്യൂണിസം കൈവിട്ട് ക്രിമിനലിസം സ്വീകരിച്ചിരിക്കുകയാണ്. പാവങ്ങളെ മറന്ന് മുതലാളിമാരെ പുൽകിയതിന്റെ ഉദാഹരണമാണ് പിവി അൻവറിന്റേയും ജോയ്സ് ജോർജിന്റേയുമെല്ലാം സ്ഥാനാർത്ഥിത്വം. നിയമ ലംഘകരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമവും നടക്കുകയാണ്. കൊലപാതക രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കുന്ന ജനവിധിയാവണം വടകരയിലേതെന്നും സുധീരൻ ആഹ്വാനം ചെയ്തു.

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് നരേന്ദ്രമോദിയെന്നും സുധീരൻ കൂട്ടിച്ചേർത്തു. ടി പി നാസർ അധ്യക്ഷത വഹിച്ചു. എസ് പി കുഞ്ഞമ്മദ്, സാജിദ് നടുവണ്ണൂർ, എസ് കെ അസൈനാർ, ടി കെ ഇബ്രാഹിം, പിജെ തോമസ്, മുനീർ എരവത്ത്, പി എം പ്രകാശൻ, കെ മധുകൃഷ്ണൻ എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications