Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിലേക്ക് പോകുന്നവർക്ക് ആശ്വാസമാകുമോ? താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ശക്തമായ സാഹചര്യത്തില്‍ അവധി ദിനങ്ങളില്‍ ഇതുവഴിയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിനങ്ങള്‍, രണ്ടാംശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകള്‍ എന്നീ ദിവസങ്ങളില്‍ വൈകുന്നേരം 3 മണിക്കും 9 മണിക്കും ഇടയിലാണ് ഗതാഗത നിയന്ത്രണം.

ഈ ദിവസങ്ങളില്‍ 6 വീലില്‍ കൂടുതലുള്ള ടിപ്പറുകള്‍, 10 വീലില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, ട്രക്കുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ ചുരത്തിലൂടെ കടന്ന് പോകാന്‍ അനുവദിക്കില്ല. തിങ്കളാഴ്ച രാവിലെ 6 മുതല്‍ 9 മണി വരെയും ഈ നിരോധനം പ്രാബല്യത്തില്‍ ഉണ്ടാകും. ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ചാണ് ജില്ലാതല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.
ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 thamarassery-pass

ചുരത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ എന്നിവ അടിയന്തരമായി പരിഹരിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങളുടെ ഓപ്പറേറ്റര്‍മാര്‍, വാഹന അറ്റകുറ്റപ്പണി വിദഗ്ധര്‍ തുടങ്ങിയവരുടെ സേവനം വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ഒരു എമര്‍ജന്‍സി സംവിധാനം ഏര്‍പ്പെടുത്താന്‍ താമരശ്ശേരി പോലീസിന് നിര്‍ദ്ദേശം നല്‍കി.ചുരത്തിൽ വാഹനങ്ങളുടെ പാർകിംഗിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി പാർക്ക് ചെയ്യുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.

അതേസമയം, വയനാട് ചുരത്തില്‍ അതിരൂക്ഷമാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വയനാട് ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. അവധിക്കാലത്ത് നൂറുകണക്കിന് വാഹനങ്ങളും നിരവധിയാത്രക്കാരുമാണ് മണിക്കൂറുകളോളം താമരശ്ശേരി ചുരം വഴിയില്‍ കുടങ്ങിയത്. സ്ത്രീകളും കുട്ടികളും രോഗികളുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വയനാട്ടിലേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ പൂഴിത്തോട് ബദല്‍പാത സാക്ഷാത്കരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത അഡ്വ ടി സിദ്ദിഖ് എം എല്‍ എ ആവശ്യപ്പെട്ടു.

കോഴിക്കോട് വയനാട് ജില്ലകളില്‍ ഉള്‍പ്പെട്ട താമരശ്ശേരി ചുരത്തിലെ 1,6,7,8 വളവുകള്‍ നിവര്‍ത്താനുള്ള നടപടികള്‍ വേഗത്തിലാക്കാണം. ചുരത്തില്‍ യാത്രക്കാര്‍ കുടങ്ങുന്ന അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ ടേക്ക് എ ബ്രേക്ക് സവിധാനങ്ങള്‍ അനിവാര്യമാണ്. ഗതാഗത നിയന്ത്രണത്തിന് പോലീസ്, ക്രെയിന്‍ സേവനങ്ങളും വേണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ റോഡ് പ്രാവര്‍ത്തികമാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ യോഗം വിലയിരുത്തി.

ഡയറ്റിന് ലഭ്യമാക്കിയ പ്ലാന്‍ തുക ഉപയോഗിച്ച് ജില്ലയിലെ എം.ആര്‍.എസ് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു. വയനാട് ഗവ. മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യവികസനം, മെഡിക്കല്‍ കോളേജിന് രാഹുല്‍ഗാന്ധി എം.പി യുടെ ഫണ്ടില്‍ നിന്നും അനുവദിച്ച ആംബലുന്‍സ് വാങ്ങാത്തതുമായ ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്തു. എത്രയും പെട്ടന്ന് ആംബുലന്‍സ് വാങ്ങണമെന്ന് എം.പി.യുടെ പ്രതിനിധി കെ.എല്‍.പൗലോസ് യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു.

നെല്ലാറച്ചാല്‍ ടൂറിസം വിശ്രമ കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍, പുരോഗതി കൈവരിക്കാനാവാത്ത എം.എല്‍ എ എസ്.ഡി.എഫ് - എഡിഎഫ് പ്രവൃത്തികളുടെ വിവരങ്ങള്‍, വൈത്തിരി ഗ്രാമ പഞ്ചായത്ത്, മാനന്തവാടി നഗരസഭ എന്നിവിടങ്ങളിലായി എസ്.സി എസ് ടി കാറ്റഗറിയില്‍ നിര്‍ദേശിച്ച കെട്ടിട നിര്‍മ്മാണ നടപടികള്‍, വൈത്തിരിയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടി എന്നിവ യോഗം ചര്‍ച്ച ചെയ്തു.

ജില്ലയിലെ 4412 അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ വിവിധ വകുപ്പുകളുടെ കീഴില്‍ നിര്‍മ്മിച്ച ഇതുവരെ ഉപയോഗിക്കാത്ത കെട്ടിടങ്ങള്‍, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ വിവരങ്ങള്‍ യോഗം വിലയിരുത്തി. വെള്ളമുണ്ട -തോട്ടോളിപ്പടി റോഡ് ,അമ്പലവയല്‍ എന്നിവിടങ്ങളിലെ പി.എം.ജി.എസ്.വൈ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന റോഡ് നിര്‍മ്മാണം, ബത്തേരി മിനി സിവില്‍ സ്റ്റേഷനു സമീപത്തെ റോഡ് ശോചനീയാവസ്ഥ, ചുങ്കം റോഡ് ജംഗ്ഷനിലെ ട്രാഫിക് ബ്ലോക്ക് എന്നിവയും യോഗം ചര്‍ച്ച ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+