എന്താണ് കൊണ്ടോട്ടിയില്‍ ആരംഭിച്ച 'ഉന്നതി' പദ്ധതി; കൊറോണ മുക്തമായ ശേഷം...
മലപ്പുറം: കോവിഡ് രോഗമുക്തരായതിന് ശേഷം ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് വീട്ടില്‍ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭിക്കുന്ന 'ഉന്നതി' പദ്ധതിക്ക് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. കോവിഡ് മുക്തി നേടിയ ശേഷം ക്ഷീണം, ശ്വാസ തടസ്സം, ശ്വാസംതിങ്ങല്‍, നില്‍ക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടല്‍, തലകറക്കം, ചുമ, പേശി വേദന, പക്ഷാഘാതം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നവര്‍ക്ക് ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ഓണ്‍ലൈനായി ലഭ്യമാക്കുന്നതാണ് പദ്ധതി. ടി .വി ഇബ്രാഹിം എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി അധ്യക്ഷയായി. കേരളാ അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപിസ്റ്റ്‌സ് കോ-ഓര്‍ഡിനേഷന്‍ സമിതിയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് ഉന്നത പദ്ധതി നടപ്പാക്കുന്നത്. സേവനം ആവശ്യമുള്ളവര്‍ക്ക് വിളിക്കാം-9746770744, 8129021135.
അതേസമയം, ജില്ലയില്‍ ഇന്ന് 1,687 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 15.79 ശതമാനമാണ് ജില്ലയിലെ ടിപിആര്‍ നിരക്ക്. 5,087 പേര്‍ ജില്ലയില്‍ രോഗമുക്തരായി. രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,623 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 37 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. 55,207 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 30,234 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 885 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. ആരോഗ്യ ജാഗ്രത ഒരു കാരണവശാലും കൈവിടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications