ആസിമിന് പഠിക്കാന്‍ സ്‌കൂള്‍ വേണം; വീല്‍ചെയര്‍ യാത്രയ്ക്ക് വന്‍ ജനപിന്തുണ
കോഴിക്കോട്: ഭിന്നശേഷിക്കാരനായ ആസിം വെളിമണ്ണയുടെ തുടര്‍പഠനം സാധ്യമാക്കാന്‍ വെളിമണ്ണ ജി എം യു പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പൗരസമിതി നടത്തുന്ന വീല്‍ചെയര്‍ യാത്രക്ക് കോഴിക്കോട്ട് വലിയ ജനപിന്തുണ. ഞായറാഴ്ച വൈകിട്ട് ബീച്ചിലെത്തിയ ആസിമിനും സംഘത്തിനും വലിയ സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് പൊതുസമൂഹത്തിന്റെ പിന്തുണ നേടുക കൂടിയാണ് യാത്രയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.
ഇതിലേക്കായി ഒപ്പു ശേഖരണം നടത്തുന്നുണ്ട്. വൈകിട്ട് നാലു മുതല്‍ ആറു വരെ സംഘം ബീച്ചിലുണ്ടായിരുന്നു. അഞ്ചു കി.മീറ്റര്‍ പരിധിയില്‍ വിദ്യാഭ്യാസ സൗകര്യം വേണമെന്നാണ് വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം അനുശാസിക്കുന്നതെങ്കിലും മറ്റൊരാളുടെ സഹായമില്ലാതെ പ്രാഥമികാവശ്യം പോലും നിര്‍വഹിക്കാന്‍ കഴിയാത്ത ആസിമിന് പഠിക്കാന്‍ സൗകര്യം ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് സംഘാടകരിലൊരാളായ നൗഷാദ് തെക്കെയില്‍ പറഞ്ഞു.

വീല്‍ചെയര്‍ യാത്രയുടെ മുഖ്യസംഘാടകന്‍ ഹാരിസ് രാജാണ്. പൗരസമിതി ചെയര്‍മാന്‍ ടി കെ കരീം, കണ്‍വീനര്‍ കെ കെ മാലിക്, മുജീബ് വെളിമണ്ണ, മുഹമ്മദ് കുനിമേല്‍, ഫസല്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഈ മാസം 15ന് വൈകിട്ട് നാലിന് സ്‌കൂള്‍ പരിസരത്ത് നിന്നാണ് യാത്ര തുടങ്ങിയത്. രാവിലെ ഏഴുമുതല്‍ ഒമ്പത് വരെയും വൈകിട്ട് നാലു മുതല്‍ ആറുവരെയുമാണ് യാത്ര. ദിവസവും അഞ്ച് കിലോമീറ്റര്‍ വീതമാണ് സഞ്ചരിക്കുക.
430 കിലോമീറ്റര്‍ താണ്ടി 43ാം ദിവസം തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ എത്തിച്ചേരുകയാണ് ലക്ഷ്യം. വെളിമണ്ണ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതുവരെ സമരം തുടരുമെന്നാണ് സംഘാടകര്‍ പറയുന്നത്. 2018 മാര്‍ച്ചിലാണ് ആസിം ഏഴാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയത്. ആസിമിന്റെ വീടിന് അഞ്ചു കി.മീറ്റര്‍ ദൂരെയാണ് ഹൈസ്‌കൂള്‍ ഉള്ളത്. തുടര്‍ന്ന് പഠനം വഴിമുട്ടുകയും ഒരു വര്‍ഷം നഷ്ടമാവുകയും ചെയ്തു. ഭിന്നശേഷിക്കാരനായ ആസിമിന് ദൂരെയുള്ള സ്‌കൂളില്‍ തനിച്ചു പോകാനാവില്ല. ഉമ്മയുടെ സഹായം വേണം. ഉമ്മയ്ക്ക് അതിന് സാധിക്കാത്ത സാഹചര്യമാണുള്ളത്.
വെളിമണ്ണ സ്‌കൂള്‍ എല്‍.പിയില്‍ നിന്ന് യു.പിയായി അപ്‌ഗ്രേഡ് ചെയതത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ്. അന്ന് മുഖ്യമന്ത്രി പ്രത്യേക താല്പര്യമെടുത്താണ് നടപടിയുണ്ടായത്. ആസിമിന് പഠിക്കാന്‍ സംവിധാനമൊരുക്കണമെന്ന് ഹൈക്കോടതിയും മനുഷ്യാവകാശ- ബാലാവകാശ കമ്മിഷനുകളും വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഇപ്പോഴത്തെ സര്‍ക്കാര്‍ അപ്പീല്‍ പോവുകയായിരുന്നു.












Click it and Unblock the Notifications