'പുട്ട് ബന്ധങ്ങളെ തകർക്കും'; വൈറലായി മൂന്നാം ക്ലാസുകാരന്‍റെ ഉത്തരക്കടലാസ്
കോഴിക്കോട് : 'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം' എന്ന വിഷയത്തെക്കുറിച്ച് കുറിപ്പെഴുതിയ മൂന്നാം ക്ലാസുകാരനെപ്പറ്റിയുള്ള ചർച്ചയാണ് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത്. മലയാളിക്ക് ഏറെ ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണമാണ് പുട്ട് എന്നിരിക്കെ പുട്ട് ഇഷ്‌ടപ്പെടാതിരിക്കാൻ ഈ കുരുന്നിന് കാരണമുണ്ട്. ദിവസവും രാവിലെ പുട്ടുകഴിച്ച് മടുത്ത ജയിസ് ജോസഫാണ് ഒരു കുറിപ്പിലൂടെ വൈറലായത്.
ബെംഗളൂരൂ എസ്.എഫ്.എസ്. അക്കാദമി ഇലക്ട്രോണിക്‌സ് സിറ്റിയിലെ വിദ്യാര്‍ഥിയാണ് ജയിസ് ജോസഫ്. മാതൃക ചോദ്യപ്പേപ്പറിലെ ചോദ്യത്തിനാണ് കാരണ സഹിതം പുട്ട് ഇഷ്‌ടമല്ലെന്ന് പറയുന്നത്. നടന്‍ ഉണ്ണി മുകുന്ദനും കഴിഞ്ഞ ദിവസം രസകരമായ ഈ പോസ്റ്റ് പങ്കുവെച്ചിരുന്നു.

'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്' എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. 'കേരളീയ ഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതിനാല്‍ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. തയ്യാറാക്കി അഞ്ചുമിനിറ്റാകുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും. പിന്നെ എനിക്കത് കഴിക്കാനാകില്ല.
വേറെയെന്തെങ്കിലും തയ്യാറാക്കിത്തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല. അതോടെ ഞാന്‍ പട്ടിണികിടക്കും. അതിന് അമ്മ എന്നെ വഴക്കുപറയുമ്പോള്‍ എനിക്ക് കരച്ചില്‍വരും. പുട്ട് ബന്ധങ്ങളെ തകര്‍ക്കും' എന്നുപറഞ്ഞാണ് കുഞ്ഞ് ജയിസ് കുറിപ്പ് അവസാനിക്കുന്നത്. ഈ രസകരമായ ഉത്തരത്തിന് ടീച്ചർ 'എക്‌സലന്റ് എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ്-ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ് ജയിസ്.












Click it and Unblock the Notifications