• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ശസ്ത്രക്രിയ വിജയം; ഉടന്‍ തിരിച്ചു വരും, ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് ജോര്‍ജ് എം തോമസ്

കോഴിക്കോട്: കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി അറിയിച്ച് തിരുവമ്പാട് എംഎല്‍എ ജോര്‍ജ് എം തോമസ്. ലിവർ സിറോസിസ് രോഗം മൂലം കുറച്ചുകാലമായി വല്ലാതെ ബുദ്ധിമുട്ടനുഭവിച്ചു വരികയായിരുന്നു. ചെന്നൈയില്‍ വെച്ച് നവംബർ 28 നായിരുന്നു സർജറി. മകന്റെ കരളിന്റെ ഒരു ഭാഗം എടുത്ത് ജോര്‍ജ് എം തോമസിന്‍റെ ശരീരത്തിൽ തുന്നി ചേർക്കുകയായിരുന്നു. ഇപ്പോൾ എല്ലാം തികച്ചും സാധാരണ നിലയിലായെന്നും എല്ലാവര്‍ക്കും ക്രിസ്തുമസ്-പുതവത്സര ആശംസിക്കുന്നതായും എംഎല്‍എ അറിയിച്ചു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പ്രിയപ്പെട്ട സഹോദരി സഹോദരൻമാരേ, സഖാക്കളേ,

ഈ കഴിഞ്ഞ ഒക്ടോബർ അവസാനവാരം മുതൽ ഞാൻ മദ്രാസിൽ ചികിത്സയിലായിരുന്ന വിവരം അറിയുമല്ലോ?ലിവർ സിറോസിസ് രോഗം മൂലം കുറച്ചുകാലമായി വല്ലാതെ ബുദ്ധിമുട്ടനുഭവിച്ചു വരികയായിരുന്നു.ലിവർ ട്രാൻസ്പ്ലാന്റ് ചെയ്യണമെന്ന് വിദഗ്ദ ഡോക്ടർമാർ എല്ലായ്പോഴും ഓർമ്മിപ്പിച്ചിരുന്നു.ഒരു വർഷമായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു.കഴിഞ്ഞ ഫെബ്രുവരി മാസം ട്രാൻസ്പ്ലാന്റിന് വേണ്ടി മദ്രാസിൽ വന്നെങ്കിലും കോവിഡ് മൂലം ആശുപത്രി അടച്ചത് കൊണ്ട് തിരിച്ചു പോവേണ്ടി വന്നു.നാട്ടിൽ എത്തിയപ്പോഴാവട്ടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായ പ്രവർത്തനങ്ങളിൽ മുഴുകി.തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടാവാം എന്ന് കരുതി ശസ്ത്രക്രിയ മാറ്റി വെച്ചു.തെരഞ്ഞെടുപ്പ് മാറ്റിവെച്ചപ്പോൾ എന്ന് ചെയ്യണമെന്ന കാര്യം അവ്യക്തതയിലായിരുന്നു.

വിവരം അറിയുന്ന പാർടി നേതാക്കൾ തെരഞ്ഞടുപ്പ് കണക്കിലെടുക്കാതെ സർജറി നടത്താൻ നിർദേശിച്ചു.ഇനിയും നീട്ടിക്കൊണ്ട് പോവുന്നത് നന്നല്ല എന്ന് മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ.രാമചന്ദ്രന്റെ ഉപദേശവും സഖാക്കളുടെ നിർബന്ധവും മൂലമാണ് അവസാനം ഇവിടെ എത്തിയത്. നവംബർ 28 ന് സർജറി വിജയകരമായി പൂർത്തിയാക്കി.മകന്റെ കരളിന്റെ ഒരു ഭാഗം എടുത്ത് എന്റെ ശരീരത്തിൽ തുന്നി ചേർത്തു.ഇപ്പോൾ എല്ലാം തികച്ചും സാധാരണ നിലയിലായി.ഭക്ഷണം,നടത്തം,ചെറിയ ചില എക്സർസൈസുകൾ എല്ലാം ഭംഗിയായി നടക്കുന്നു.

ചികിത്സ കാര്യം സദാ അന്വേഷിച്ചിരുന്ന പ്രിയപ്പെട്ട സഖാവ് പിണറായി,സ.ടി.പി രാമകൃഷ്ണൻ, സ.എളമരം കരീം, സ.മോഹനൻ മാസ്റ്റർ, സ.വിശ്വൻ, സ.രമേശ്, സ.കെ.പി കുഞ്ഞമ്മദ് കുട്ടി, സ.പ്രദീപ് തുടങ്ങിയവരോട് നന്ദി രേഖപ്പെടുത്തുന്നു.

പ്രാർത്ഥനകളിലൂടെ രോഗ ശാന്തി നേർന്ന ബഹു. താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ,തോട്ടുമുക്കം ഇടവക വികാരി , പുരോഹിത ശ്രേഷ്ഠർ,കന്യാസ്ത്രീകൾ മറ്റ് മത സാമുദായിക രംഗത്തെ പ്രിയപ്പെട്ടവർ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.ചികിത്സിച്ച ഡോ. മുഹമ്മദ് റെല ഉൾപ്പെടെയുള്ള ഡോക്ടർമാർ ,നേഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരോടും നന്ദി.

പിഞ്ചു പൈതലിന പോലെ കരുതി എന്നെ സദാ പരിചരിക്കുന്ന കുടുംബാംഗങ്ങൾ,കരൾ പകുത്ത് നൽകി എന്നെ രക്ഷിച്ച പ്രിയപ്പെട്ട മകൻ അനൂപ് എന്നിവരോടും കടപ്പാടും നന്ദിയും എത്ര പറഞ്ഞാലും മതിയാവുന്നതല്ല.

എല്ലാറ്റിനും ഉപരി പാർടി കേരള സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ വേളയിൽ എനിക്ക് രക്തം നൽകിയ മദ്രാസ് നഗരത്തിലെ ഡി.വൈ.എഫ്.ഐ സഖാക്കളെ ഹൃദയത്തോട് ചേർക്കുന്നു. നാട്ടിലെത്താൻ ഏറെ കൊതിയാവുന്നുണ്ട്.തെരഞ്ഞെടുപ്പ് വേളയിൽ ഇല്ലാതെ പോയതിലെ വല്ലായ്മയും പ്രയാസവും നേരിയ കുറ്റബോധവും ഒരു വശത്ത്. പക്ഷേ ഇനിയും ഒരു മാസം കൂടി കഴിഞ്ഞേ പോകാൻ സമ്മതിക്കൂ എന്ന് ഡോക്ടർ റെല. ലോക പ്രശസ്ത സർജനായ അദ്ദേഹത്തെ ധിക്കരിക്കാനാവുന്നുമില്ല. എന്റെ അഭാവം അറിയിക്കാതെ തിരുവമ്പാടിയുടെ വികസന ക്ഷേമ പ്രവർത്തനങ്ങളിലും ജന ജീവൽപ്രശ്നങ്ങളിലും എന്റെ ക്യാമ്പ് ഓഫീസ് നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്.തുടർന്നും നിങ്ങൾ ഓഫീസിന്റെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.വൈകാതെ നിങ്ങളെയെല്ലാവരെയും നേരിൽ കാണാം.

എല്ലാവർക്കും ക്രിസ്മസ് നവവത്സരാശംസകൾ

സ്നേഹത്തോടെ

നിങ്ങളുടെ

ജോർജ് എം തോമസ്

Kozhikode

English summary
will be back soon says george m thomas mla, wishes Christmas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X