പരാതിയുമായി എത്തുന്ന സ്ത്രീകളോട് പോലീസ് അനുഭാവപൂർവം പെരുമാറണം: വനിതാ കമ്മീഷൻ
കോഴിക്കോട്: പരാതിയുമായി സ്‌റ്റേഷനുകളിൽ എത്തുന്ന സ്ത്രീകളോട് പോലീസ് അനുഭാവപൂർവം പെരുമാറണമെന്ന് വനിതാകമ്മീഷൻ. പരാതിക്കാർക്കു സമയബന്ധിതമായി നീതി ഉറപ്പാക്കാൻ സാധിക്കണം. സ്ത്രീകൾ പരാതിയുമായി സ്‌റ്റേഷനുകളിൽ പോകുമ്പോൾ നീതി ലഭിക്കാത്ത അവസരത്തിൽ കമ്മീഷനിൽ പരാതിപെടാറുണ്ട്. സ്ത്രീകൾ പരാതിക്കാരായി വരുമ്പോൾ അവരുടെ പരാതി എന്താണെന്ന് പൂർണ്ണമായി മനസ്സിലാക്കുവാൻ നിയമസംവിധാനത്തിന് സാധിക്കണം. അതനുസരിച്ച് നീതി ഉറപ്പാക്കുവാൻ സാധിക്കുന്ന തരത്തിലേക്ക് മാറിയാൽ മാത്രമേ നീതിനിഷേധം അവസാനിപ്പിക്കാൻ സാധിക്കുകയുള്ളുവെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.
ഒരു പോലിസ് ഉദ്യോഗസ്ഥനെതിരെ കോഴിക്കോട് സ്വദേശിയായ യുവതി നൽകിയ പരാതിയിൽ പുനരന്വേഷണം നടത്തണമെന്ന് കമ്മീഷൻ നിർദേശിച്ചു. പരാതിക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വീഡിയോ ക്ലിപ്പിംഗ് ഉൾപ്പെടെ പരാതി നൽകിയിട്ടും അവർക്ക് നീതി ലഭ്യമാകുന്ന തരത്തിലുള്ള വകുപ്പുകൾ ചുമത്താതെ നിസ്സാര വകുപ്പ് ചുമത്തിയത് ശരിയായ സമീപനമല്ലെന്നും കമ്മീഷൻ പറഞ്ഞു. തെളിവെടുത്ത് പുനരന്വേഷണം നടത്തി കമ്മീഷനെ അറിയിക്കണമെന്നും അവ സമയബന്ധിതമായി പാലിക്കണമെന്നും നിർദേശം നൽകി.

ടൗൺ ഹാളിൽ നടന്ന മെഗാ അദാലത്തിൽ 35 പരാതികൾ തീർപ്പാക്കി. കമ്മീഷൻ അംഗങ്ങളായ ഇ എം രാധ, എം എസ് താര എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അദാലത്തിൽ ആകെ 89 പരാതികളാണ് പരിഗണനയ്ക്കു വന്നത്. പത്ത് പരാതികൾ വിവിധ വകുപ്പുകളുടെ അന്വേഷണത്തിനായും കൈമാറി. 44 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. വനിത സെൽ സി.ഐ ഉമാദേവി സി, സീനിയർ സിവിൽ പൊലീസ് ഓഫീസർ മിനി കെ, രജനി, അഭിഭാഷകരായ മിനി, പ്രസന്ന, റീന സുകുമാരൻ എന്നിവർ പങ്കെടുത്തു












Click it and Unblock the Notifications