മോഷണം സ്വന്തം വീട്ടില്‍: അച്ഛന്റെ അലമാര കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച മകന്‍ പിടിയില്‍
കോഴിക്കോട്: സ്വന്തം വീട് കുത്തിതുറന്ന് പണവും സ്വർണ്ണാഭരണങ്ങളും കവർന്ന യുവാവ് പിടിയിലായി. കോഴിക്കോട് ജില്ലയിലെ മാവൂരാണ് വ്യത്യസ്തമായ മോഷണം നടന്നത്. പുനത്തിൽ പ്രകാശൻ്റെ വീട്ടിൽ മോഷണം നടത്തിയ മകൻ സനീഷ് ആണ് പിടിയിലായത്. 50000 രൂപയും സ്വർണ്ണാഭരണങ്ങളുമായിരുന്നു സ്വന്തം വീട്ടില്‍ നിന്നും ഇയാള്‍ മോഷ്ടിച്ചത്. വെള്ളിയാഴ്ച പകലാണ് വീട്ടില്‍ മോഷണം നടന്നത്.
നിരവധി കടബാധ്യതകളുണ്ടായിരുന്ന വ്യക്തിയാണ് സനീഷെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കടങ്ങള്‍ വീട്ടുന്നതിന് വേണ്ടി അച്ഛന്‍ വീട്ടിലെ അലമാരയില്‍ കരുതിവെച്ചിരുന്ന പണവും ആഭരണങ്ങളും സനീഷ് മോഷ്ടിക്കുകയായിരുന്നു. അലമാര കുത്തിത്തുറന്നായിരുന്നു മോഷണം. ഒരാഴ്ച മുമ്പും വീട്ടില്‍ നിന്നും സനീഷ് മോഷണം നടത്തിയിരുന്നു. മുപ്പതിനായിരം രൂപയായിരുന്നു അന്ന് എടുത്തത്. ഇത് അച്ഛന്‍ മനസ്സിലാക്കിയില്ലെന്ന് കണ്ടാണ് വീണ്ടും മോഷണം നടത്തിയത്.

വെള്ളിയാഴ്ച രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയ ശേഷം ഭാര്യയെ അവരുടെ വീട്ടിൽ കൊണ്ടുവിട്ട് തിരികെ വന്നതിന് ശേഷമാണ് അലമാരകുത്തിപ്പൊളിച്ച് മോഷണം നടത്തിയത്. പൊലീസ് അന്വേഷണമുണ്ടായാല്‍ പുറത്ത് നിന്നുള്ളവരാണ് മോഷണം നടത്തിയതെന്ന് തോന്നിപ്പിക്കാന്‍ തന്റേതിനേക്കാൾ വലിയ 10 ഇഞ്ച് സൈസുള്ള ഷൂ ധരിക്കുകയും തകർത്ത പൂട്ടിലും മുറികളിലും മുളകുപൊടി വിതറുകയും ചെയ്തിരുന്നു. വിതറിയ മുളക് പൊടിയില്‍ മനപ്പൂർവ്വം ഷൂസിന്റെ പാടുകള്‍ പതിപ്പിക്കുകയും ചെയ്തു.
ശക്തയായ വനിതയെന്ന് മഞ്ജു വാര്യർ, സയനോരക്ക് സ്നേഹ ചുംബനം: ഭാവനയ്ക്ക് ഇന്ന് പിറന്നാള്‍
വിരലടയാളം പതിയാതിരിക്കാനായി കൈകളിൽ പേപ്പർ കവർ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ സംശയം തോന്നിയ പൊലീസ് സനീഷിനെ വിശദമായി ചോദ്യം ചെയ്ത് കുറ്റം തെളിയിക്കുകയായിരുന്നു. ഒളിപ്പിച്ചുവെച്ച പണവും പൂട്ട് മുറിക്കാൻ ഉപയോഗിച്ച ആക്സോ ബ്ലേഡും പൊലീസ് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാവൂർ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടർ വിനോദൻ, എസ് ഐ മാരായ മഹേഷ് കുമാർ,പുഷ്പ ചന്ദ്രൻ, എ എസ് ഐ സജീഷ്, എസ് സി പി ഒ അസീസ്, സി പി ഒ മാരായ ലിജു ലാൽ, ലാലിജ് ഷറഫലി എന്നിവരയായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications