തെളിവുണ്ടോ? എങ്കില്‍ കൊണ്ടുവരൂ, ഒരു കോടി ഇനാം, പ്രഖ്യാപിച്ച് യൂത്ത് ലീഗ്
കോഴിക്കോട്: കേരള സ്‌റ്റോറീസ് പറയുന്ന കാര്യം സത്യമാണെന്ന് തെളിയിക്കാന്‍ വെല്ലുവിളി യൂത്ത് ലീഗ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വേണ്ടി നുണകള്‍ മാത്രം പറയുന്ന സംഘ് പരിവാര്‍ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളില്‍ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണമെന്ന് പികെ ഫിറോസ് ആരോപിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഈ ആരോപണം തെളിയിക്കുന്നവര്‍ക്ക് ഒരു കോടി ഇനാമും പ്രഖ്യാപിച്ചിരിക്കുകയാണ് യൂത്ത് ലീഗ്. കേരളത്തില്‍ 32000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്‌പോണ്‍സേര്‍ഡ് സിനിമ ആധികാരിക കണക്കുകള്‍ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോള്‍ ഒരു പഞ്ചായത്തില്‍ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ. പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോള്‍ ഒന്നും കേള്‍ക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണെന്ന് ഫിറോസ് പറയുന്നു.

അതുകൊണ്ട്, തെളിവ് കൊണ്ടുവരുന്നവര്‍ക്ക് ഒരുകോടി രൂപ മുസ്ലിം യൂത്ത് ലീഗ് ഇനാം നല്‍കുമെന്ന് പ്രഖ്യാപിക്കുകയാണ്. അങ്ങനെ തെളിവുകള്‍ കയ്യിലുള്ള ആര്‍ക്കും മുസ്ലിം യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറില്‍ അത് സമര്‍പ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണ്...
നേരത്തെയും പികെ ഫിറോസും യൂത്ത് ലീഗും കേരള സ്‌റ്റോറിക്കെതിരെ രംഗത്ത് വന്നിരുന്നു. കേരള സ്റ്റോറിയെന്ന പ്രൊപ്പഗണ്ട സിനിമ വിവിധ മതവിശ്വാസികള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവുമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സംവിധായകന്‍ സുദിപ്‌തോ സെന്നിനെതിരെ കേസെടുക്കണമെന്നും പ്രദര്‍ശനത്തിന് യാതൊരു കാരണവശാലും അനുമതി നല്‍കാന്‍ പാടില്ലെന്നും പികെ ഫിറോസ് പറഞ്ഞിരുന്നു.
ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാന്‍ വേണ്ടി മുസ്ലിംകള്‍ രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളത്. ലൗ ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാല്‍ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്. പക്ഷെ ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ചു മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും ഇത്തരത്തില്‍ കേരളത്തില്‍ മുപ്പത്തിനായിരത്തിലേറെ പേരെ വഞ്ചിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ഇതിലുള്ളത്.
ഇസ്ലാം മതം പോലും ഇത്തരം വശീകരണ തന്ത്രങ്ങള്‍ നിഷിദ്ധമായി കാണുമ്പോള്‍ മതാനുശാസനം അനുസരിച്ച് വിശ്വാസത്തിന്റെ ഭാഗമായി മുസ്ലിംകള്‍ എന്തോ പുണ്യപ്രവൃത്തി പോലെ ഇത് ചെയ്യുന്നുവെന്നു വിശ്വസിക്കാന്‍ ആരെങ്കിലും തയ്യാറാവുമോയെന്നും പികെ ഫിറോസ് ചോദിച്ചു.
അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാനുള്ള സംഘ്പരിവാര്‍ സ്‌പോണ്‌സേര്‍ഡ് സിനിമയാണിത്. അങ്ങിനെയെങ്കില്‍ ഇത് ആവിഷ്‌കാര സ്വാതന്ത്ര്യമോ സിനിമയോ അല്ല. ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications