നിങ്ങള്‍ എങ്ങനെ എത്തി? ജഹാംഗീര്‍പുരിയില്‍ പോലീസ് ചോദ്യം നേരിട്ടതിനെ കുറിച്ച് ഫൈസല്‍ ബാബു
കോഴിക്കോട്: വര്‍ഗീയ സംഘര്‍ഷവും ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള പൊളിച്ചുനീക്കലും കാരണം ദേശീയ തലത്തില്‍ ചര്‍ച്ചയായ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നേരിട്ട പോലീസ് ചോദ്യം ചെയ്യല്‍ വിശദീകരിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഫൈസര്‍ ബാബു. വീടും നാടും മറ്റു വിവരങ്ങളുമെല്ലാം പോലീസ് ചോദിച്ചറിഞ്ഞുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. നിങ്ങള്‍ എങ്ങനെയാണ് ഇവിടെ എത്തിയത് എന്ന ചോദ്യമാണത്രെ ആദ്യം നേരിട്ടത്.
ശേഷം മൊബൈല്‍ ഫോണ്‍ നമ്പറടക്കം വാങ്ങി. ഇതിന് പിന്നില്‍ ഗൂഢ ലക്ഷ്യമുണ്ടോ എന്ന് ഫൈസല്‍ ബാബു സംശയിക്കുന്നു. ഏതെങ്കിലും കേസില്‍ ചുമത്തി ജയിലിലടയ്ക്കാനുള്ള സാധ്യതയും അദ്ദേഹം പറയുന്നു. കലാപത്തിന് ഇരകളായവരെ സഹായിക്കാനാണ് എത്തിയതെന്ന് യൂത്ത് ലീഗ് നേതാവ് വിശദീകരിക്കുന്നു. ദൗത്യത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹനുമാര്‍ നവമി ദിനത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിലാണ് മേഖലയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായത്. ശേഷം പ്രതി ചേര്‍ത്തവരുടെ വീടുകള്‍ ഉള്‍പ്പെടെ പൊളിക്കാന്‍ കോര്‍പറേഷന്‍ ഉദ്യഗസ്ഥര്‍ ബുള്‍ഡോസറുമായെത്തിയത് വലിയ വിവാദമായി. സുപ്രീംകോടതി തടഞ്ഞതോടെയാണ് പൊളിച്ചുനീക്കല്‍ നിര്‍ത്തിവച്ചത്. ഫൈസല്‍ ബാബുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
''ഊരും പേരും പറഞ്ഞിട്ട് പോയാ മതി.. മൊബൈല്‍ നമ്പറും വേണം.' പറഞ്ഞപടി അക്ഷരം തെറ്റാതെ ഞങ്ങളുടെ വിലാസവും വിശദാംശങ്ങളും ഇന്‍സ്‌പെക്ടര്‍ പകര്‍ത്തിയെടുത്തു.
അകത്തൊളിപ്പിച്ച അജണ്ടകളോടെ അവരും, ആത്മവിശ്വാസം കൈവിടാതെ നമ്മളും, ചെറുതല്ലാത്ത സമയമെടുത്തുള്ള ചോദ്യോത്തര സെഷന്‍.
ജഹാംഗീര്‍പുരി ഇപ്പോഴും കനത്ത പോലീസ് ബന്ദവ സില്‍ തന്നെയാണ്..
ഇരകളെ കാണാനെത്തുന്നവരോട് 'നിങ്ങള്‍ ഏതു വഴിയിലൂടെ ഇവിടെയെത്തി?' എന്നാണ് ആദ്യ ചോദ്യം.
ഇരകളെ സഹായിക്കാനെത്തുന്നവര്‍ കര്‍ശനമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. മുസ്ലിം ലീഗ് നേതൃ സംഘത്തിന്റെ സന്ദര്‍ശന ദിവസം തന്നെ യൂത്ത് ലീഗ് നേതാക്കളുടെ എല്ലാ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
സൗമ്യമായിട്ടാണ് ഈ വിവരശേഖരണമെങ്കിലും ഇതിനു പിന്നിലെ അപകട സാദ്ധ്യത നമുക്ക് നല്ല ബോധ്യമുണ്ട്..
ഇത്തരം സ്ഥലങ്ങളില്‍ സഹായ ഹസ്തവുമായി എത്തുന്നവരുടെ പേരില്‍ കോപ്പി പേസ്റ്റ് എഫ് ഐ ആര്‍ തയ്യാറാക്കി പ്രതിചേര്‍ക്കുക എന്നത് ഡല്‍ഹി പോലീസിന്റെ പതിവ് രീതിയാണ്. ഇത് മനസിലാക്കി കൊണ്ട് തന്നെയാണ് കഴിഞ്ഞ 3 ദിവസവും മുടങ്ങാതെ ഇവിടെയെത്തുന്നത്.
ഒരു പക്ഷെ നാളെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി ഇരുട്ടറകളിലേക്ക് ഞങ്ങളെയും തള്ളിവിട്ടേക്കാം.
ഭയന്ന് പിന്‍മാറാനാവില്ല..
ഇട്ടെറിഞ്ഞ് മടങ്ങാനുമാവില്ല..
ബുള്‍ഡോസര്‍ രാജിന്റെ ഇരകളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനം തുടരുകയാണ്.
ആകെയുള്ള നിത്യ വരുമാനം നഷ്ടമായി പട്ടിണിയെ മുന്നില്‍ കാണുന്നവരാണ് ഏറെയും.. നമുക്കവരെ കൈയൊഴിയാനാവില്ല.
നമ്മെ കഴിയുന്നതിന്റെ പരമാവധി അവരെ സഹായിക്കാനും പുനരധിവസിപ്പിക്കാനും നാം ശ്രമിക്കും.
ഏറ്റവും അടിയന്തിരമായി സഹായം ലഭിക്കേണ്ട നിരവധി കുടുംബങ്ങളെ നാം കണ്ടെത്തിയിട്ടുണ്ട്.. നാളെ മുതല്‍ യൂത്ത് ലീഗിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജഹാംഗീര്‍ പുരിയില്‍ തുടക്കമാകും.
വി.കെ ഫൈസല്‍ ബാബു
ദേശീയ ജനറല്‍ സെക്രട്ടറി
മുസ്ലിം യൂത്ത് ലീഗ്












Click it and Unblock the Notifications