സുവാരസിന്റെ പല്ലു കൊണ്ട് കുപ്പി തുറക്കാം
ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനിടെ എതിരാളിയെ കടിച്ചു മുറിവേല്‍പ്പിച്ച് കുപ്രസിദ്ധനായ ഉറുഗ്വന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് ആണ് ഇപ്പോള്‍ വിപണിയിലെയും താരം. സുവാരസിന്റെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ മുതല്‍ നിപ്പിള്‍ ക്ലിപ്പുവരെ പല കമ്പനികളും ഇതിനകം പുറത്തിറക്കി കഴിഞ്ഞു. ഏറ്റവും ഒടുവിലായി സുവാരസിന്റെ ബോട്ടില്‍ ഓപ്പണറുമായി വിപണിയിലെത്തിയിരിക്കുകയാണ് ഒരു ചൈനീസ് കമ്പനി.
പ്രമുഖ ചൈനീസ് ഓണ്‍ലൈന്‍ റീറ്റൈല്‍ വില്‍പ്പനക്കാരായ ടോബോ ആണ് സുവാരസിന്റെ വിപണിമൂല്യം മുതലെടുക്കാന്‍ രംഗത്തിറങ്ങിയത്. സുവാരസിന്റെ പല്ലുകൊണ്ട് ബോട്ടില്‍ ഓപ്പണ്‍ ചെയ്യാവുന്ന തരത്തിലാണ് ഓപ്പണറുടെ രൂപകല്‍പ്പന. ദേഷ്യത്തോടെ വാ തുറന്നു പിടിച്ചിരിക്കുന്ന സുവാരസിന്റെ ഓപ്പണറിന് 2.77 ഡോളറാണ് വില.

സുവാരസ് ഇറ്റാലിയന്‍ ഡിഫന്റര്‍ ചെല്ലിനിയെ കടിച്ച രാത്രിയാണ് ഇത്തരത്തിലൊരു ഐഡിയ തനിക്കുണ്ടായതെന്ന് ഓണ്‍ലൈന്‍ ഷോപ്പ് ഉടമ വാംഗ് ലിന്‍ പറയുന്നു. ഓപ്പണര്‍ പുറത്തിറക്കിയതോടെ ഐഡിയ ശരിയായെന്ന് മനസിലായി. നല്ല ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. ആവശ്യത്തിനനുസരിച്ച് ഓപ്പണര്‍ വിപണിയിലെത്തിക്കാന്‍ കഴിയാത്തതിന്റെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനിടെ തങ്ങളുടെ ഫൈനല്‍ ഗ്രൂപ്പ് മത്സരത്തിലാണ് സുവാരസ് ഇറ്റാലിയന്‍ കളിക്കാരന്‍ ചെല്ലിനിയെ കടിച്ചത്. സുവാരസിന്റെ കടി വിവാദമായതോടെ ഫിഫ അന്വേഷണം നടത്തുകയും സുവാരസിനെ 9 മത്സരങ്ങളില്‍ നിന്നും വിലക്കുകയും ചെയ്തു. 1,12,000 ഡോളര്‍ പിഴയും ഈടാക്കി. ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂള്‍ താരമായിരുന്ന സുവാരസ് ഇപ്പോള്‍ ബാഴ്‌സലോണയുമായി കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications