മലപ്പുറത്ത് രോഗികള്‍ കുത്തനെ കുറഞ്ഞു; കൊവിഡ് ടിപിആര്‍ 16 ശതമാനത്തിന് മുകളില്‍, ജാഗ്രത കൈവിടരുത്
മലപ്പുറം: ജില്ല ആശ്വാസത്തിലേക്ക്. കൊവിഡ് രോഗികള്‍ കുറയുന്നു. രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. എന്നാല്‍ ടിപിആര്‍ ഇപ്പോഴും 15 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നതിനാല്‍ ജാഗ്രത കൈവെടിയാനായിട്ടില്ല. ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 24000ത്തില്‍ താഴെയെത്തി. ചൊവ്വാഴ്ച 1,523 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 16.09 ശതമാനമാണ് ടിപിആര്‍. 2,713 പേര്‍ വൈറസ് വിമുക്തരായി.
ഇന്ന് 1,485 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 24 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 11 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 60,362 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 23,972 പേര്‍ ചികിത്സയിലാണ്.

അതേസമയം, കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്. ഒരു ജില്ലയിലും 2000ത്തി് മുകളില്‍ രോഗികളില്ല എന്നത് പ്രത്യേകം എടുത്തുപറയണം. കഴിഞ്ഞ കുറേ ദിവസങ്ങളായി 3000ത്തിന് മുകളില്‍ രോഗം ചില ജില്ലകളില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന്‍ 80 ശതമാനത്തിലേക്ക് അടുക്കുകയാണ്. വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും 31.52 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വാക്സിന്‍ എടുത്തിട്ടില്ലാത്ത കോളേജ് വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പടേണ്ടതാണ്.
അതേസമയം, നിപ വൈറസ് ഭീതി അകലുകയാണ്. പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടൈന്‍മെന്റായി തുടരും.












Click it and Unblock the Notifications