മലപ്പുറത്ത് കൊറോണ രോഗികള്‍ ഇന്ന് 100ല്‍ താഴെ; വാക്സിനേഷന് വിപുലമായ സൗകര്യം
മലപ്പുറം: കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണത്തിന് ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി, മഞ്ചേരി, തിരൂര്‍, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രികള്‍, ജില്ലയിലെ മുഴുവന്‍ താലൂക്ക് ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സൗജന്യ വാക്സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.

ഇതിനു പുറമെ ജില്ലയില്‍ തെരഞ്ഞെടുത്ത 24 സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പിന് സൗകര്യമുണ്ടായിരിക്കും. ഇതിനു പുറമെ മഞ്ചേരി നഗരസഭ ടൗണ്‍ഹാള്‍, പെരിന്തല്‍മണ്ണ പഞ്ചമി സ്‌കൂള്‍ എന്നിവിടങ്ങളില്‍ മുഴുവന്‍ ദിവസങ്ങളിലും മെഗാ കുത്തിവെപ്പ് ക്യാമ്പും നടക്കും. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 മുതല്‍ 59 വയസ് വരെയുള്ള ഇതര രോഗബാധിതര്‍ക്കുമാണ് നിലവില്‍ കോവിഡ് 19 പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് നടക്കുന്നത്. ഇതിനായൊരുക്കിയ സൗകര്യങ്ങള്‍ ഈ വിഭാഗങ്ങളില്‍ ഉള്‍പെട്ടവര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
അതേസമയം, കോവിഡ് 19 വ്യാപനം തടയുന്നതില്‍ കൃത്യമായ ഇടപെടലുകളോടെ മലപ്പുറം ജില്ല ഒരു നാഴികക്കല്ലുകൂടി പിന്നിട്ടു. ആറ് മാസങ്ങള്‍ക്ക് ശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം ജില്ലയില്‍ 100 ല്‍ താഴെയെത്തി. ഇന്ന് 81 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. 2019 സെപ്തംബര്‍ മൂന്നിന് 91 പേര്‍ക്ക് രോബബാധ സ്ഥിരീകരിച്ച ശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം 100ല്‍ താഴെയെത്തുന്നത് ഇതാദ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു.
154 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗവിമുക്തരായവരുടെ എണ്ണം 1,19,652 ആയി.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ ഒരാള്‍ക്കും രോഗം ബാധിച്ചു. 16,614 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,623 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 598 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.












Click it and Unblock the Notifications