മലപ്പുറത്ത് സമ്പര്‍ക്കം വഴിയുള്ള കൊവിഡ് വ്യാപനം ആശങ്ക; ചികിത്സയില്‍ 20,479 പേര്‍
മലപ്പുറം: ജില്ലയില്‍ രോഗികളുടെ എണ്ണം കുറയും രോഗമുക്തര്‍ വധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ശനിയാഴ്ച 1,596 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,528 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 14.42 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.
ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 32 പേര്‍ക്ക് ഉറവിടമറിയാതെയാണ് വൈറസ്ബാധ. അതേസമയം, 2,689 പേര്‍ രോഗമുക്തരായത് ആശ്വാസകരമാണ്. 56,466 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 20,479 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുണ്ട്. അതേസമയം, കേരളത്തില്‍ ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍ഗോഡ് 363 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗബാധിതരുടെ കണക്ക്.

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ എടുക്കേണ്ടവരുടെ ജനസംഖ്യ കേന്ദ്രം പുതുക്കിയിട്ടുണ്ട്. നേരത്തെ 2.87 കോടി ജനങ്ങള്‍ക്കാണ് വാക്സിന്‍ നല്‍കേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം 2,67,09,000 ആണ്.
പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന്‍ 88.94 ശതമാനമായും രണ്ടാം ഡോസ് വാക്സിനേഷന്‍ 36.67 ശതമാനമായും ഉയര്‍ന്നു. അതായത് ഇനി 29 ലക്ഷത്തോളം പേര്‍ക്ക് മാത്രമേ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ നല്‍കാനുള്ളു. കോവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രമേ വാക്സിന്‍ എടുക്കേണ്ടതുള്ളൂ. അതിനാല്‍ തന്നെ കുറച്ച് പേര്‍ മാത്രമാണ് ഇനി ആദ്യഡോസ് വാക്സിന്‍ എടുക്കാനുള്ളത്. സംസ്ഥാനത്തിന് 9,79,370 ഡോസ് വാക്സിന്‍ കൂടി ലഭ്യമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതോടെ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് എടുക്കാനുള്ള വാക്സിന്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. വാക്സിനേഷന്‍ ലക്ഷ്യത്തോടടുക്കുന്നതിനാല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കുറവാണ്.
അതേസമയം, സംസ്ഥാനത്ത് ഒക്ടോബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്സിനേഷന്‍ ആരംഭിക്കും. ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ (പിസിവി) ആണ് നല്‍കുക. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്സിന്‍ സംരക്ഷണം നല്‍കും. 1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്നു ഡോസ് വാക്സിന്‍ നല്‍കാനാണ് തീരുമാനം.












Click it and Unblock the Notifications