286 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; ആശങ്കയും ആശ്വാസവും നിറഞ്ഞ് മലപ്പുറത്തെ വിവരങ്ങള്‍
മലപ്പുറം: ജില്ലയില്‍ ഇന്ന് 191 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 180 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ആറ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് കോവിഡ് 19 ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന രണ്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേ സമയം 286 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 6,942 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നത് ആശ്വാസകരമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കൃത്യമായ ആസൂത്രണത്തോടെയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മുന്നോട്ട് പോകുന്നത്. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ ജനപങ്കാളിത്തവും ആരോഗ്യ ജാഗ്രതയും അനിവാര്യമാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
47,120 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുള്‍പ്പെടെ 2,562 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,371 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 353 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,428 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 94,604 സാമ്പിളുകളില്‍ 357 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.












Click it and Unblock the Notifications