മലപ്പുറത്ത് കൊവിഡ് രോഗികള്‍ വര്‍ധിച്ചു; ടിപിആര്‍ ഉയര്‍ന്നു, 30 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു
മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ഉയര്‍ന്നു. ടിപിആറിലും വര്‍ധനവ് രേഖപ്പെടുത്തി. വ്യാഴാഴ്ച 2 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 2,061 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19.74 ശതമാനമാണ് ഇന്നത്തെ ടിപിആര്‍. 2,011 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 20 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്.
2,878 പേരാണ് ഇന്ന് കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 5,08,658 ആയി. 58,233 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 30 ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 22,90,056 പേര്‍ക്ക് ഒന്നാം ഡോസും 7,48,910 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ മാസ്‌ക് താഴ്ത്തുന്ന ശീലം ഒഴിവാക്കണം. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടെന്ന് ബോധ്യമായാല്‍ നിര്‍ബന്ധമായും വീടുകളില്‍ പ്രത്യേകം നിരീക്ഷണത്തില്‍ കഴിയണം.

അതേസമയം, കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗബാധിതരുടെ കണക്ക്. 178 പേര്‍ മരിച്ചു.
ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.9 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,32,18,426), 32.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (93,83,496) നല്‍കിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 94 ശതമാനത്തിലധികം ആളുകള്‍ക്ക് ഒരു ഡോസും 53 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കിയിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു പ്രധാന വാര്‍ത്ത കോട്ടയ്ക്കലില്‍ നിന്നാണ്. കോട്ടയ്ക്കല്‍ സ്‌റ്റേഷനിലെ പോലീസുകാര്‍ തൊണ്ടിമുതലായി പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ മറിച്ചുവിറ്റു. എഎസ്‌ഐ രജീന്ദ്രന്‍, സീനിയര്‍ സിപിഒ സജി ചെറിയാന്‍ എന്നിവര്‍ സംഭവത്തില്‍ അറസ്റ്റിലായി. ഇവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കോടതി നശിപ്പിക്കാന്‍ നിര്‍ദേശിച്ച ലഹരി വസ്തുക്കളാണ് പോലീസ് ഓഫീസര്‍മാര്‍ മറിച്ചുവിറ്റത്. കഴിഞ്ഞ ജൂണിലാണ് മിനിലോറിയില്‍ കടത്തിയ വന്‍ ലഹരി മരുന്ന് ശേഖരം പോലീസ് പിടികൂടിയത്. കഴിഞ്ഞാഴ്ച കോടതി മിനി ലോറി വിട്ടുകൊടുക്കാനും ലഹരി മരുന്ന് നശിപ്പിക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഏജന്റുമാര്‍ മുഖേന പോലീസുകാര്‍ ഇത് മറിച്ചുവിറ്റു. കേരള പോലീസിന് നാണക്കേടുണ്ടാക്കിയ ഈ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.












Click it and Unblock the Notifications