മലപ്പുറത്ത് 257 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; ചികില്‍സയില്‍ 3100 പേര്‍
മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച 257 പേര്‍ക്ക് വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് 19 ഭേദമായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗബാധിതരുടെ വര്‍ധനവിന് ആനുപാതികമായി രോഗമുക്തരാകുന്നവരുടെ എണ്ണവും ജില്ലയില്‍ വര്‍ധിക്കുന്നത് ആശ്വാസകരമാണ്. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന ജനകീയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും ഇതുവരെ 10,562 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഇന്ന് 298 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. 258 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 23 പേര്‍ക്ക് ഉറവിടമറിയാതെയും കോവിഡ് 19 ബാധിച്ചു. വൈറസ് ബാധയുണ്ടായവരില്‍ ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഒരാള്‍ വിദേശ രാജ്യത്ത് നിന്നെത്തിയതുമാണ്.
32,851 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,104 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 453 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,798 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,38,324 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 2,162 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം.












Click it and Unblock the Notifications