കൊറോണ വ്യാപനം രൂക്ഷം; അശ്രദ്ധ വലിയ വിപത്തിന് കാരണമാകുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍
മലപ്പുറം: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ അതീവ ജാഗ്രത പൊതുസമൂഹത്തില്‍ നിന്നുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. അശ്രദ്ധ വലിയ വിപത്തിന് കാരണമാകും. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധിതര്‍ അനുദിനം വര്‍ധിക്കുന്നത് തടയാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു. ഇന്ന് 4000ത്തിലധികം പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്.

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം രോഗ വ്യാപനം തടയുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ജില്ലയിലും നടപ്പാക്കി വരികയാണ്. ജനജീവിതത്തിന് പ്രയാസമില്ലാത്ത വിധത്തില്‍ കോവിഡ് പ്രതിരോധം സാധ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും പൊലീസും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഇതര സര്‍ക്കാര്‍ വകുപ്പുകളെല്ലാം ചേര്‍ന്ന് രോഗ വ്യാപനം നടയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇക്കാര്യത്തില്‍ ജനപിന്തുണ അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് അറിയിച്ചു.
അതേസമയം, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്നതാണ് ജില്ല നിലവില്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. പൊതു സ്ഥലങ്ങളില്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് വൈറസ് ബാധക്കുള്ള സാധ്യത കൂടുതലാണ്. കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെ മാത്രമെ സ്വയരക്ഷ ഉറപ്പാക്കാനാകൂ. ഇത് ഓരോരുത്തരും തിരിച്ചറിയണമെന്ന് ആവര്‍ത്തിച്ച് അറിയിച്ചിട്ടും സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്ന സ്ഥിതിയാണുള്ളത്.
രോഗലക്ഷണങ്ങളുള്ളവര്‍ ഒരുക്കലും അത് മറച്ചുവെക്കരുത്. ഇത്തരത്തിലുള്ള വീഴ്ച കൂടുതല്‍ പേരിലേക്ക് വൈറസ് വ്യാപിക്കാന്‍ കാരണമാകും. പൊതു സ്ഥലങ്ങളില്‍ പോകുന്നവര്‍ വൈറസ് ബാധ തടയുന്നതിനായി സാമൂഹിക അകലം പാലിക്കുകയും രണ്ട് മാസ്‌ക് ധരിക്കുന്നതുള്‍പ്പടെ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.












Click it and Unblock the Notifications