മലപ്പുറത്ത് കൊറോണ രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; ആശ്വാസ ദിനം
മലപ്പുറം: ജില്ലയില്‍ ഇന്ന് 653 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇന്നും സമ്പര്‍ക്കത്തിലൂടെയാണ് കൂടുതല്‍ പേര്‍ക്കും രോഗബാധയുണ്ടായിരിക്കുന്നത്. 612 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധ സ്ഥിരീകരിച്ചത്. 22 പേര്‍ ഉറവിടമറിയാതെയും രോഗബാധിതരായി. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്ബാധ സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതിനിടെ ജില്ലയ്ക്ക് ആശ്വാസമായി ഇന്ന് 1,052 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 35,688 ആയി. രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം കുറ്റമറ്റ ചികിത്സാ സംവിധാനങ്ങള്‍ ജില്ലയില്‍ പ്രാവര്‍ത്തികമാക്കിവരികയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
55,088 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 11,683 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 468 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,105 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 2,48,063 സാമ്പിളുകളില്‍ 3,422 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 206 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
പൊതു സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് 19 വ്യാപനമാണ് ജില്ലയില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നത്. പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരില്‍ നിന്ന് വീട്ടിലെ മറ്റ് കുടുംബാംഗങ്ങളും രോഗബാധിതരാവുന്ന സ്ഥിതിവിശേഷം തടയാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ ഫലപ്രദമായി ഉറപ്പാക്കപ്പെടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.












Click it and Unblock the Notifications