മലപ്പുറത്ത് സമീപകാലത്തെ കുറഞ്ഞ കൊറോണ നിരക്ക്; 377 രോഗികള്‍ മാത്രം
മലപ്പുറം: കോവിഡ് വ്യാപന നിരക്കില്‍ മലപ്പുറം ജില്ലക്ക് ഇന്ന് നേരിയ ആശ്വാസം. ജില്ലയില്‍ 377 പേര്‍ക്കാണ് ഇന്ന് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 714 പേര്‍ ഇന്ന് രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. ഇവരുള്‍പ്പെടെ 75,977 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 355 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉറവിടമറിയാതെ 16 പേരും രോഗബാധിതരായി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേരും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേരും വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഘോഷങ്ങളില്‍ ആരോഗ്യ ജാഗ്രത കൈവിടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലയിലിപ്പോള്‍ 82,969 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 6,197 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 512 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 296 പേരും 223 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റ് കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 418 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.












Click it and Unblock the Notifications