കൊറോണ രോഗമുക്തിയില്‍ മലപ്പുറത്തിന് ആശ്വാസം; 724 പേര്‍ ആശുപത്രി വിട്ടു
മലപ്പുറം: ജില്ലയില്‍ ഇന്ന് 724 പേര്‍ കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,03,087 ആയി. അതേസമയം ജില്ലയില്‍ 489 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 472 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഒമ്പത് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശരാജ്യത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ നിലവില്‍ 20,998 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,663 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 274 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 105 പേരും 84 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 543 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
കേരളത്തില്‍ ഇന്ന് 6102 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,007 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26 ആണ്. 17 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3813 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5509 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 449 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6341 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 68,857 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,980 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.












Click it and Unblock the Notifications