ഏറെകാലത്തിന് ശേഷം മലപ്പുറത്ത് കൊവിഡ് രോഗികള്‍ 1000ല്‍ താഴെ; വാക്‌സിനേഷന്‍ 35 ലക്ഷം
മലപ്പുറം: ജില്ലയില്‍ കൊവിഡ് വ്യാപനത്തില്‍ ആശ്വാസകരമായ കുറവ്. 1000ല്‍ താഴെയാണ് ഇന്നത്തെ രോഗികള്‍. ഏറെ കാലത്തിന് ശേഷമാണ് ജില്ലയില്‍ ആയിരത്തില്‍ താഴെ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരുഘട്ടത്തില്‍ 4000ത്തിന് മുകളില്‍ വരെ പ്രതിദിന രോഗികളുണ്ടായിരുന്നു മലപ്പുറത്ത്. ഇന്ന് 942 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
13.35 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയ ഈ ദിവസം 919 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 18 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. കൂടാതെ വിദേശത്ത് നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
1,947 പേരാണ് തിങ്കളാഴ്ച കോവിഡ് മുക്തരായത്. 44,574 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 14,873 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ 35,64,229 ഡോസ് വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 26,83,138 പേര്‍ക്ക് ഒന്നാം ഡോസും 8,81,091 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.

അതേസമയം, കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസര്‍ഗോഡ് 144 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്.
ഓപ്പറേഷന്‍ പി ഹണ്ട്
കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ കാണുന്നവരെയും കൈമാറ്റംചെയ്യുന്നവരെയും കണ്ടെത്താന്‍ ജില്ലയില്‍ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി പോലീസ് പരിശോധന നടത്തി. തിരൂരങ്ങാടി പോലീസ് 3 കേസുകള്‍ എടുത്തു. വഴിക്കടവ് പോലീസ്സ്റ്റേഷന്‍ പരിധിയില്‍ ഒരാളെ അറസ്റ്റുചെയ്തു. മലപ്പുറം പോലീസ്സ്റ്റേഷനില്‍ മേല്‍മുറി സ്വദേശിയായ യുവാവിന്റെ പേരിലും കേസെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വഖഫ് പരാതികള്‍ ചൊവ്വാഴ്ച പരിശോധിക്കും
വഖഫ് ഭൂമികളിലെ പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക അദാലത്തുകള്‍ക്ക് നാളെ തുടക്കമാകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മഞ്ചേരി നഗരസഭ ടൗണ്‍ ഹാളില്‍ രാവിലെ 10ന് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ബോര്‍ഡില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത 140 വഖഫ് ഭൂമികളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി വിതരണം ചെയ്യും. ഒക്ടോബര്‍ ഒന്‍പതിന് കണ്ണൂര്‍, 23ന് കോഴിക്കോട്, 30ന് കാസര്‍കോട് എന്നിവിടങ്ങളിലാണ് തുടര്‍ന്നുള്ള അദാലത്തുകള്‍ നടക്കുക. മറ്റു ജില്ലകളിലെ അദാലത്ത് തീയതികള്‍ പിന്നീട് തീരുമാനിക്കും.












Click it and Unblock the Notifications