മോഹന്‍ലാലിന്റെ ആറാട്ടിനെതിരെ വ്യാജപ്രചാരണം; മലപ്പുറത്ത് അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
മലപ്പുറം: മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് സിനിമക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയെന്ന് കുറ്റം ചുമത്തി അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. മലപ്പുറം കോട്ടക്കല്‍ പൊലീസാണ് കേസെടുത്തത്. കോട്ടക്കല്‍ തീയേറ്റര്‍ ഉടമയുടെ പരാതിയിലാണ് കേസെടുത്തത്.
Recommended Video

സിനിമയുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രചരിപ്പിച്ചതിനാണ് കേസ്. സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണനും രംഗത്തെത്തിയിരുന്നു. ഹൗസ് ഫുള്ളായ ഒരു തീയേറ്ററില്‍ നിന്നാണ് ഇത്തരത്തിലുള്ളൊരു വീഡിയോ പ്രചരിച്ചതെന്ന് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ആറാട്ട് പ്രദര്‍ശനം നടക്കുന്ന സ്‌ക്രീനും ആറ് പേര്‍ കിടന്നുറങ്ങുന്നതുമാണ് വീഡിയോയിലുള്ളത്.

സിനിമകളെ വിമര്‍ശിക്കാം. ഒരു സിനിമയെ മനപ്പൂര്‍വ്വം ഇകഴ്ത്തി സംസാരിക്കുന്നത് ആ സിനിമയെ മാത്രമല്ല സിനിമ ഇന്‍ഡസ്ട്രിയെ മുഴുവനുമാണ് ബാധിക്കുന്നത്. ആദ്യം തന്നെ പറഞ്ഞിരുന്നു ഇതൊരു എന്‍ര്‍ടെയിന്‍മെന്റ് സിനിമയാണ്. ഇതില്‍ വലിയ കഥാഗതിയൊന്നുമില്ല, പ്രധാനപ്പെട്ട വിഷങ്ങളൊന്നും ചര്‍ച്ച ചെയ്യുന്നില്ല. ഇത്രയും മുതല്‍ മുടക്കുള്ള സിനിമ ഒ ടി ടിക്ക് കൊടുക്കാതെ വച്ചിരിക്കുകയായിരുന്നു അത് തിയേറ്ററില്‍ കാണേണ്ട സിനിമയായതകൊണ്ടാണെന്ന് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ 18ന് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടാന്‍ സാധിച്ചെന്നാണ് സിനിമ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ലോകമെമ്പാടും 2700 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.

അതേസമയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹമായിരുന്നു ഇതിന് മുമ്പ് മോഹന്‍ലാലിന്റെ തീയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം. ഈ ചിത്രത്തിനെതിരെയും സമാനമായ സൈബര്‍ വ്യാജ പ്രചാരണങ്ങള്‍ നേരിട്ടിരുന്നു. കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാനെതിരെയും സമാനമായ പ്രചാരണം നടന്നിരുന്നു. സിനിമയുടെ പിന്നണി പ്രവര്‍ത്തകരുടെ മതം ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്നത്.

ഇത്തരം പ്രചരങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമ തിയേറ്ററിലെത്തിയാല്‍ അവരുടെ മതത്തെ ചേര്‍ത്ത് കെട്ടി വിമര്‍ശിച്ചും ചേര്‍ത്തു പിടിച്ചും പ്രതികരിക്കുന്നവര്‍ സിനിമയുടെ കഥാ ഭാവനയില്‍ വിഷം പുരട്ടുമ്പോള്‍ ജനകീയ കലയില്‍ പ്രഥമ ഗണനീയമായ സിനിമയുടെ ക്രാഫ്റ്റ് ആണ് തകരുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു.

സിനിമയെ എത്ര രൂക്ഷമായും വിമര്‍ശിക്കാം, തിരക്കഥയുടെ രക്തം ചിന്താം, പക്ഷേ അഭിനേതാവിന്റെയോ, പിന്നണി പ്രവര്‍ത്തകന്റെയോ മതം മാനദണ്ഡമാകരുത്. വിമര്‍ശിക്കണമെങ്കില്‍ പൂനെ ഫിലിം ഇന്‍സ്റ്റാറ്റിയൂട്ടില്‍ പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ചിന്താഗതിയല്ല, മറിച്ച് വിമര്‍ശനം ഹേറ്റ് ക്യാംപെയിനാകരുതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications