കെടി ജലീലിന് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ മറുപടി; ആ 50 ലക്ഷം പുതിയതല്ല... കടബാധ്യത അഭിമാനം
മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെടി ജലീല്‍ എംഎല്‍എ പുതിയ ആരോപണങ്ങളുമായി രംഗത്ത്. മലപ്പുറത്തെ എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കോടികളുടെ കള്ളപ്പണമുണ്ടെന്നും ഇതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയും അദ്ദേഹവുമായി ബന്ധമുള്ളവരും മുസ്ലിം ലീഗിലെ ചില നേതാക്കളുമാണ് എന്നാണ് ആരോപണം. 1000ത്തിലധികം കോടി രൂപയുടെ കള്ളപ്പണ ഇടപാട് ബാങ്കില്‍ നടന്നതായി അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു എന്നാണ് കെടി ജലീല്‍ പറയുന്നത്.
എആര്‍ നഗര്‍ സഹകരണ ബാങ്കിനെ കുഞ്ഞാലിക്കുട്ടിയും സംഘവും അവരുടെ സ്വിസ് ബാങ്കാക്കി മാറ്റി. ബാങ്കിനുണ്ടായ നഷ്ടം കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് ഈടാക്കണം. ഒട്ടേറെ വ്യാജ അക്കൗണ്ടുകള്‍ ബാങ്കിലുണ്ട്. ഇതുവഴിയാണ് കള്ളപ്പണ ഇടപാട് നടന്നിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ കള്ളപ്പണ സൂക്ഷിപ്പുകാരനായ വികെ ഹരികുമാര്‍ വ്യാജമായി സൃഷ്ടിച്ചിട്ടുള്ളതാണ് 862 അക്കൗണ്ടുകള്‍ എന്നും കെടി ജലീല്‍ ആരോപിക്കുന്നു.

10 വര്‍ഷത്തിനിടെ മാത്രം 114 കോടിയുടെ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ട്. മുഴുവന്‍ കസ്റ്റമര്‍ ഐഡിയും പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന ഇടപാടുകളുടെ വിവരങ്ങള്‍ പുറത്തുവരും. ടൈറ്റാനിയം അഴിമതി, മലബാര്‍ സിമന്റ്‌സ് അഴിമതി, കെഎംഎംഎല്‍ സാമ്പത്തിക ക്രമക്കേട് എന്നിവയിലൂടെ കൈവശപ്പെടുത്തിയ പണം എആര്‍ നഗര്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള സാധ്യത തള്ളാനാകില്ല. താനൂര്‍ മുന്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് 50 ലക്ഷം രൂപയുടെ വായ്പയാണ് ബാങ്കില്‍ നിന്ന് നല്‍കിയിട്ടുള്ളത്. ഇത്തരത്തില്‍ പലര്‍ക്കും വാരിക്കോരി അനധികൃത വായ്പകള്‍ നല്‍കിയ കാര്യം അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നും കെടി ജലീല്‍ പറയുന്നു. കെടി ജലീലിന്റെ ആരോപണത്തിന് മറുപടിയുമായി അബ്ദുറഹ്മാന്‍ രണ്ടത്താണി രംഗത്തുവന്നു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ....
എ ആര്‍ നഗര്‍ സര്‍വ്വീസ് സഹകരണ ബേങ്കില്‍ നിന്ന് ഞാന്‍ 50 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട് എന്ന് കെ ടി ജലീല്‍ വലിയ അതിശയോക്തിയോടെ പറയുന്നത് കേള്‍ക്കാനിടയായി.
ഇത് ഒരു പുതിയ വിവരമല്ല.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയപ്പോള്‍
ഈ കാര്യം വെളിപ്പെടുത്തിയതും പരസ്യപ്പെടുത്തിയതുമാണു.
മതിയായ ഈട് നല്‍കി ഞാന്‍ പല ഘട്ടങ്ങളിലും ലോണ്‍ എടുത്തിട്ടുണ്ട്. തിരിച്ചടച്ചിട്ടുമുണ്ട്. അതിനു ഒരു പൗരനെന്ന നിലയില്‍ തകരാറുമില്ല.
ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, വൈസ് പ്രസിഡണ്ട്,ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, രണ്ട് തവണ എം എല്‍ എ എന്ന നിലയിലൊക്കെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ച എന്റെ പൊതു ജീവിതത്തില്‍ അഴിമതിയുടെ ഒരു കറുത്ത പാടും വീണിട്ടില്ല.
കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ അലങ്കരിച്ച എന്റെ നേതാവ് സി എച്ച് മുഹമ്മദ് കോയാ സാഹിബ് മരണപ്പെടുന്ന ഘട്ടത്തില്‍ ബേങ്ക് വായ്പക്കായി വീട് പണയപ്പെടുത്തിയിരുന്നു. അവരാണു എന്റെ രാഷ്ട്രീയ മാതൃക.
എന്റെ പൊതു പ്രവര്‍ത്തനത്തിന്റെ ആകെ തുക കട ബാദ്ധ്യതയാണെന്നത് ഞാന്‍ അഭിമാനമായി കാണുന്നു.
രാഷ്ട്രീയ വിദ്വേഷം മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന വിധമാകാതിരിക്കാന്‍ പൊതു പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.












Click it and Unblock the Notifications