• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എംഎല്‍എയുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട മനാഫ് വധക്കേസിലെ പ്രതികളുടെ കീഴടങ്ങല്‍ പോലീസ് സഹായത്തോടെയെന്ന് സഹോദരന്‍

  • By desk

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍മാര്‍ ഉള്‍പ്പെട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ എടവണ്ണ ഒതായി പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികള്‍ പോലീസ് സഹായത്തോടെയാണ് കീഴടങ്ങിയതെന്ന് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ്. കഴിഞ്ഞ 30തിന് കോടതിയില്‍ കീഴടങ്ങിയ എളമരം ചെറുവായൂര്‍ പയ്യനാട്ട്‌തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.

ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജാമ്യത്തെ എതിര്‍ത്ത് മനാഫിന്റെ സഹോദരന്റെ അഭിഭാഷകനും വാദിച്ചത്. ഇനിയും രണ്ട് പ്രതികളെക്കൂടി പിടികൂടാനുള്ളതുകൊണ്ട് കീഴടങ്ങിയ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂട്ടറും കോടതിയെ അറിയിച്ചു. എന്നാല്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കിയ വിവരമറിഞ്ഞ് പ്രതികള്‍ സ്വമേധയാ കീഴടങ്ങുകയായിരുന്നെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ജാമ്യാപേക്ഷയില്‍ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ഇന്ന് വിധി പറയും.

pic

കഴിഞ്ഞ 23 വര്‍ഷമായി ഉന്നതരാഷ്ര്ടീയ ബന്ധവും സാമ്പത്തിക സ്വാധീനവും ഉള്ള പ്രതികള്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചാണ് ഒളിവില്‍ കഴി‍‍ഞ്ഞത്. രണ്ടു പേരുകളുള്ള പ്രതികള്‍ക്ക് രണ്ട് പാസ്‌പോര്‍ട്ടുണ്ടെന്നും ജാമ്യം നല്‍കിയാല്‍ ഇവര്‍ വീണ്ടും രക്ഷപ്പെടുമെന്നും മനാഫിന്റെ സഹോദരന്റെ അഭിഭാഷകന്‍ വാദിച്ചു.

കൊലപാതകം നടന്ന് 23വര്‍ഷമായിട്ടും ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതില്‍ പോലീസ് വീഴ്ച വരുത്തുന്നുവെന്നാരോപിച്ച് കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് ഇക്കഴിഞ്ഞ മേയ് 30ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതികളിലൊരാളായ മുനീബ് പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയില്‍ വാട്ടര്‍തീം പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്നതായും മനാഫിന്റെ സഹോദരന്‍ കോടതിയെ അറിയിച്ചിരുന്നു. ഒളിവിലുള്ള നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് മൂന്നു മാസത്തിനകം പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മലപ്പുറം ജില്ലാ പോലീസ് ചീഫിനോട് ഉത്തരവിട്ടിരുന്നു. ഇതോടെയാണ് രണ്ടു പ്രതികള്‍ 30ന് നാടകീയമായി മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് മുമ്പാകെ കീഴടങ്ങിയത്. ഇവരെ മജിസ്‌ട്രേറ്റ് ഇ വി റാഫേല്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കബീര്‍ നേരത്തെ കേസില്‍ ജാമ്യമെടുത്ത ശേഷം ഗള്‍ഫിലേക്കു മുങ്ങുകയായിരുന്നു. വിചാരണയില്‍ ഹാജരാവുകയും ചെയ്തിരുന്നില്ല.

ഇനി ഈ കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് (49), മാലങ്ങാടന്‍ ഷെരീഫ് (51) എന്നിവരെയാണ് പിടികൂടാനുള്ളത്.

1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് മുന്നില്‍ ഒതായി അങ്ങാടിയില്‍ വെച്ച് ഓട്ടോഡ്രൈവറായ മനാഫ് കൊല്ലപ്പെടുന്നത്. അന്‍വര്‍ കേസില്‍ രണ്ടാം പ്രതിയായിരുന്നു. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്ന് അന്‍വറടക്കം 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെ വിടുകയായിരുന്നു. കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന ഇപ്പോഴത്തെ ഡി.ജി.പി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍) ശ്രീധരന്‍നായര്‍ ഒത്തുകളിച്ചാണ് പ്രതികളെ വെറുതെവിട്ടതെന്ന് മനാഫിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍.

Malappuram

English summary
Acuused persons surrendered with the help of police in Manaf murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X