എഐ ക്യാമറയ്ക്ക് വീണ്ടും 'ആളുമാറി'; നമ്പര്‍ മാറി 500 രൂപയുടെ പിഴ നോട്ടീസ്, ആര്‍ടിഒയ്ക്ക് പരാതി
താനൂര്‍: വീണ്ടും വാഹന നമ്പര്‍ മാറി എ ഐ റോഡ് ക്യാമറയില്‍ നിന്നുള്ള പിഴ സന്ദേശം. താനൂര്‍ ശോഭപറമ്പ് പുല്ലാട്ടു വീട്ടില്‍ പ്രദീപിനാണ് പുറകിലുള്ള യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപ പിഴ ഒടുക്കണമെന്ന സന്ദേശം ലഭിച്ചത്. KL55v4903 എന്ന സ്‌കൂട്ടര്‍ താനൂര്‍ നടക്കാവ് ഭാഗത്ത് നിന്ന് ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നതാണ് നോട്ടീസിലെ ചിത്രങ്ങളില്‍ കാണുന്നത്. എന്നാല്‍ KL55v2903 എന്ന വാഹനത്തിന്റെ ഉടമയായ പ്രദീപിനെ തേടിയാണ് പിഴ നോട്ടീസ് എത്തിയത്.
കോഴിക്കോട് ജോലി ചെയ്യുന്ന പ്രദീപ് ജോലി സ്ഥലത്ത് ഉപയോഗിക്കുന്ന വണ്ടിയാണിത്. ഈ അടുത്ത കാലത്തൊന്നും ഈ വാഹനം താനൂരിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് പ്രദീപ് വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

'ഇന്നലെ രാവിലെയാണ് തനിക്ക് പുറകിലുള്ള യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ ഒടുക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ ക്യാമറ നോട്ടീസ് വന്നത്. എന്റെ വാഹത്തിന്റെ നമ്പര്‍ KL 55 V 2903 ആണ്. ജോലി സ്ഥലമായ കോഴിക്കോട് ഉപയോഗിക്കുന്ന വണ്ടിയാണിത്. പിഴ നോട്ടീസില്‍ കാണുന്ന വണ്ടി നമ്പര്‍ KL 55 V 4903 ആണ്. ആ വണ്ടിയുമായി തനിക്ക് യാതൊരു ബന്ധമില്ല. താന്‍ ഉപയോഗിക്കുന്ന വാഹനം ഈ അടുത്ത കാലത്ത് താനൂര്‍ ഭാഗത്തേക്ക് വന്നിട്ടില്ല'- പ്രദീപ് പറഞ്ഞു.
തന്റെ വാഹനവുമായി ബന്ധമില്ലാത്ത പിഴയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദീപ് മലപ്പുറം ആര്‍ ടി ഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ഇതാദ്യമായല്ല സംസ്ഥാനത്ത് വാഹന നമ്പര്‍ മാറി പിഴ സന്ദേശം ലഭിക്കുന്നത്. പിഴ സംബന്ധിച്ച് പരാതികള്‍ സമര്‍പ്പിക്കാന്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.
സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ പരാതി പരിഹാര സംവിധാനം നിലവില്‍വരുമെന്നാണ് മന്ത്രി അറിയിച്ചത്. അബദ്ധത്തില്‍ പിഴ ചുമത്തിയാലും അതിനെ ചാലഞ്ച് ചെയ്യാനായി ഓണ്‍ലൈന്‍ സംവിധാനമാണ് നിലവില്‍ വരുന്നത്.












Click it and Unblock the Notifications