കാശ് ഉണ്ടോ? വാഹനം സുരക്ഷിതം: വിമാനത്താവളത്തിലെ ജീവനക്കാരും ഇനി മുതൽ പാർക്കിങ് ഫീസ് കൊടുക്കണം
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ എല്ലാ ജീവനക്കാർക്കും വാഹന പാർക്കിംഗ് ഫീസ് നിർബന്ധമാക്കി. ഏപ്രിൽ ഒന്ന് മുതൽ ഈ നിർദേശം പ്രാബല്യത്തിൽ വരും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർക്ക് പാർക്കിങ് ഫീസ് നൽകേണ്ടതില്ല.
വിമാന കമ്പനികളിലും മറ്റ് ഏജൻസികളിലും പ്രവർത്തിക്കുന്ന ജീവനക്കാർക്കാണ് ഈ നിർദ്ദേശം ബാധകമാകുന്നത്. നിർബന്ധമായും പാർക്കിംഗ് ഫീസ് നൽകണമെന്ന് എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി. യാതൊരു തരത്തിലുമുളള സൗജന്യ പാർക്കിംഗ് അനുവദിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു.

വാഹന പാർക്കിംഗ് നയം അനുസരിച്ചാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ജീവനക്കാർക്ക് ഇളവ് വരുന്നത്. അതേസമയം, ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസികൾ, വിവിധ വിമാന കമ്പനികൾ, വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന മറ്റ് ഏജൻസികൾ എന്നിങ്ങനെ വിവിധയിടങ്ങളിൽ തൊഴിൽ എടുക്കുന്ന ജീവനക്കാർക്ക് ചെറിയ തുക അടച്ചാൽ വിമാനത്താവളത്തിന് സമീപം വാഹനം പാർക്ക് ചെയ്യാൻ കഴിയും. അതോറിറ്റി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുചക്ര വാഹനങ്ങൾക്കു 250 രൂപ നൽകണം. നാലു ചക്ര വാഹനങ്ങൾക്കു മാസം 500 രൂപയും. ഈ തുക അടച്ചാൽ പാർക്കിങ് പാസ് ജീവനക്കാർക്ക് ലഭിക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. അതേസമയം, കരാർ തൊഴിലാളികളിൽ നിന്ന് വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതികരിച്ച് തൊഴിലാളികകൾ രംഗത്ത് എത്തിയിരുന്നു. എയർപോർട്ട് അതോറിറ്റി പുനഃപരിശോധിക്കണം എന്നതാണ് തൊഴിലാളികൾ മിന്നോട്ട് വയ്ക്കുന്ന ആവിശ്യം.
വലിയ തുക മാസം ശമ്പളമായി വാങ്ങുന്ന അതോറിറ്റി ഉദ്യോഗസ്ഥർക്ക് വാഹന പാർക്കിങ്ങിന് തുക നൽകേണ്ടതില്ല. ഇതിന് പുറമെ, ഇവരുടെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാൻ മേൽക്കൂരയും ഉണ്ട്. എന്നാൽ, വിവിധ മേഖലകളിലായി രണ്ടായിരത്തോളം കരാർ ജീവനക്കാർ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് മാസം തോറും വാഹന പാർക്കിങ്ങിനായി തുക നൽകേണ്ടി വരുന്നത് പ്രയാസകരമെന്ന് തൊഴിലാളികൾ വ്യക്തമാക്കുന്നു.












Click it and Unblock the Notifications