മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രോഹിത് വെമുലയുടെ കുടുംബത്തിന് വീട്: ആരോപണങ്ങൾ അടിസ്ഥാനരഹിതം, സഹായിച്ചത് ഞങ്ങൾ മാത്രം - യൂത്ത് ലീഗ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിൽ ജാതിപീഢനം ആത്മഹത്യ ചെയ്ത ദലിത് വിദ്യാർഥി രോഹിത് വെമുലയുടെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട് നൽകിയില്ലെന്ന ആരോപണം നിഷേധിച്ച് യൂത്ത് ലീഗ്. സ്ഥലം നൽകിയാൽ വീട് നിർമിക്കാമെന്നതാണ് വ്യവസ്ഥയെന്നും ഇതിനായി 5 ലക്ഷം രൂപ ഇതിനകം നൽകിയിട്ടുണ്ടെന്നും ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ പറഞ്ഞു.

രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം, ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിക്ക് മുൻപിൽ ഉയർന്ന സമരപ്പന്തലിൽ നിന്നാണ് ആ കുടുംബവും മുസ്ലിം ലീഗും തമ്മിലുള്ള ആത്മബന്ധം ആരംഭിക്കുന്നത്. അന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഞാനും, എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് റ്റി പി അഷ്റഫലിയും ആ സമരപ്പന്തലിലെത്തി ഐക്യദാർഡ്യം പ്രഖ്യാപിച്ചു. സംയുക്ത സമരസമിതിക്ക് ഒരു ലക്ഷം രൂപ സഹായവും നൽകി. ആ സമരം വിജയിക്കേണ്ടത് ഇന്ത്യയിലെ ഓരോ ഫാസിസ്റ്റ് വിരുദ്ധമുന്നേറ്റങ്ങളുടെയും അതിജീവനത്തിന് അനിവാര്യമായിരുന്നു. അവിടെ വച്ചാണ് രാധികാമ്മയെ കേരളത്തിലേക്ക് ക്ഷണിച്ചത്. ശംഖുമുഖം കടപ്പുറത്ത് കേരള യാത്രയുടെ സമാപന സമ്മേളന വേദിയിൽ അവരെത്തിയത് അങ്ങനെയാണ്. ആ സന്ദർശനവേളയിലാണ് പാവപ്പെട്ട ആ കുടുംബത്തിന് സ്വന്തമായി വീടില്ല എന്ന് ബോധ്യമായത്. തുടർന്ന് ഒരു വീട് വച്ച് നൽകാനുള്ള സന്നദ്ധത മുസ്ലിം ലീഗ് അറിയിക്കുകയായിരുന്നു എന്ന് സി.കെ സുബൈർ പറഞ്ഞു.

ksubair

വീടുവെക്കാൻ അവർക്ക് സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. പിന്നീടാണ്, ആന്ധ്രയിലെ റിട്ടയേർഡ് ഐ പി എസ്, ഐ എ എസ് അസോസിയേഷൻ വീടുവെക്കാനായി സ്ഥലം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന് രാജവെമുല വിളിച്ച് പറഞ്ഞത്. സയ്യിദ് മുനവറലി ശിഹാബ് തങ്ങളോടൊപ്പം അവിടം സന്ദർശിച്ചു. രോഹിതിന്റെ സഹപ്രവർത്തകരായിരുന്ന എ എസ് എഫ് നേതാക്കളും സെനട്രൽ യൂണിവേഴ്സിറ്റിയിലെ എം എസ് എഫ് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. അവർ കാട്ടിത്തന്ന സ്ഥലത്ത് രണ്ട് ബെഡ് റൂം സഹിതം 15 മുതൽ 20 ലക്ഷം രൂപ വരെ ചിലവിൽ ഒരു വീട് നിർമ്മിച്ച് നൽകാം എന്ന് ഞങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥലത്തിന്റെ രേഖകൾ എത്രയും വേഗം ശരിയാക്കാൻ അവരോട് നിർദ്ദേശിച്ചു. അവിടത്തെ കെ എം സി സി പ്രവർത്തകരോടും ലീഗ് നേതാക്കളോടും നിർമ്മാണം ആരംഭിക്കാനള്ള ക്രമീകരണങ്ങൾ ഉണ്ടാക്കണമെന്നും നിർദേശിച്ചാണ് മടങ്ങിയത്.2016 മെയ് മാസമാണ് അത് നടന്നത്. അന്നത്തെ ഹിന്ദു ദിനപത്രം അത് വാർത്തയാക്കിയിരുന്നു.

ആ സമരം നടക്കുമ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ആന്ധ്ര മുഖ്യമന്ത്രിയും രാജവെമുലക്ക് ജോലി നൽകാം എന്ന വാഗ്ദാനം നൽകി. അത് പാലിക്കപ്പെട്ടില്ല. ആ കുടുംബത്തിന് മുൻപിൽ ജീവിതം വലിയ ചോദ്യചിഹ്നമായി മാറിയപ്പോഴാണ് രാജവെമുല ജീവനോപാധി എന്ന നിലക്ക് ഒരു വാഹനം വാങ്ങാൻ തീരുമാനിച്ചത്. അന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഷെയ്ഡ് പദ്ധതിയിൽ നിന്ന് വാഹനം വാങ്ങാനായി യൂത്ത് ലീഗ് ഒരു ലക്ഷം രൂപ നൽകിയിരുന്നു.

ഒരു വർഷത്തോളം ആ സ്ഥലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ആ കുടുംബവും ഞങ്ങളും കാത്തിരുന്നു. പക്ഷേ പിന്നീട് അസോസിയേഷൻ അവരുടെ വാഗ്ദാനത്തിൽ നിന്ന് പുറകോട്ട് പോയി. ആ ഭൂമി അവർക്ക് ലഭിച്ചില്ല. 2017 ലാണ് വീടും സ്ഥലവും വാങ്ങാനുള്ള ഒരു ആശയം രാജാവെമുല മുന്നോട്ട് വച്ചത്. പറ്റിയാൽ പാർട്ടി ഓഫർ ചെയ്ത തുക നൽകാം എന്ന് പറഞ്ഞു. 13.7 ലക്ഷം രൂപക്ക് ഒരു വീട് ശരിയായിരുന്നു. അത് വാങ്ങാം എന്ന് ഉറപ്പിച്ചു. പക്ഷേ ആ വീടും രേഖകൾ ശരിയല്ല എന്ന് പറഞ്ഞ് ആ കുടുംബം തന്നെയാണ് ഒഴിവാക്കിയത്. അങ്ങനെ ഹൈദരാബാദിൽ ഒരു ഫ്ളാറ്റ് വാങ്ങാം എന്ന ആശയം അവർതന്നെ മുന്നോട്ട് വെച്ചു. നിരന്തരമായ സംഘ് പരിവാർ ഭീഷണിയുടെ നിഴലിൽ കഴിയുന്ന കുടുംബത്തിന് സുരക്ഷിതമായി താമസിക്കാൻ കഴിയുന്ന സ്ഥലം ഹൈദരാബാദിൽ കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെയാണ് ജന്മനാടായ ഗുണ്ടൂരിൽ തന്നെ അപ്പാർട്ട്മെൻറ് വാങ്ങാം എന്ന് അവർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ടു അഞ്ച് ലക്ഷം രൂപ അഡ്വാൻസ് നൽകാനായി അവർ കഴിഞ്ഞ മാസം ആവശ്യപ്പെട്ടു.

ഉടനെ തന്നെ രണ്ടര ലക്ഷം രൂപയുടെ രണ്ട് ചെക്കുകൾ അയച്ചു. അത് അക്കൗണ്ടിംഗ് സൗകര്യത്തിന് വേണ്ടി ആയിരുന്നു. അതിൽ ഒരു ചെക്ക് ക്ളറിക്കൽ മിസ്റ്റേക്ക് മൂലം മടങ്ങി. അവർ ശ്രദ്ധയിൽ പെടുത്തിയ മുറക്ക് മറ്റൊരു ചെക്ക് അയച്ചു നൽകി. ആ അപ്പാർട്ട്മെന്റിന്റെ കച്ചവടം നടന്നാൽ രജിസ്ട്രേഷൻ സമയത്ത് ലീഗ് പറഞ്ഞ ബാക്കി തുക കൃത്യമായി ആ കുടുംബത്തിന് ലഭിക്കും. വീട് വാങ്ങുന്ന പ്രക്രിയ പൂർത്തിയാകുന്ന മുറക്കേ തുക നൽകൂ എന്ന് മുസ്ലിം ലീഗ് തീരുമാനിച്ചത് അവർക്കു ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാകണമെന്നത് കൊണ്ടാണ്. അവർക്ക് സാമ്പത്തിക സഹായം നൽകും എന്നല്ല മുസ്ലിം ലീഗ് പറഞ്ഞത്. വീടുണ്ടാക്കി നൽകും എന്നാണ്. ഇപ്പോൾ നൽകിയ അഡ്വൻസിന്റ അടിസ്ഥാനത്തിൽ എപ്പോൾ വീടിന്റെ രജിസ്ട്രേഷൻ നടന്നാലും മുസ്ലിം ലീഗ് പറഞ്ഞ തുക നൽകും.

രാധിക വെമുലക്ക് ഭാഷ ഒരു പ്രശ്നമായതുകൊണ്ട് രാജ വെമുലയുമായിട്ടാണ് സമ്പർക്കം പുലർത്തി വരുന്നത്. ഇന്നലെ വരെ ഈ വിഷയത്തിൽ അദ്ദേഹവുമായി നിരന്തരം ആശയ വിനിമയം നടത്തി വരികയാണ്.ഒരു ആശയക്കുഴപ്പമോ, വിശ്വാസക്കുറവോ അവർക്ക് ലീഗിനോടില്ലെന്ന് അവർ പരസ്യമായി തന്നെ പറഞ്ഞു കഴിഞ്ഞെന്നും സി.കെ സുബൈർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

Malappuram
English summary
Allegation against youth league on Rohit vemula.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X