ഇഷ്ടനമ്പറിനുള്ള അപേക്ഷ സമയത്തിന് മുന്‍പെ തള്ളി; മലപ്പുറം സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
മലപ്പുറം: പുതിയ കാറിന് ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ നിരസിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശിയായ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണം എന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ അലിയ്ക്ക് 25000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
സമയം കഴിഞ്ഞെന്ന് കാണിച്ച് പുതിയ കാറിന് ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനുള്ള അബ്ദുല്‍ അലിയുടെ അപേക്ഷ നിരസിച്ചിരുന്നു. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന സമയത്തിന് ഒരു മിനിറ്റും 43 സെക്കന്റും ബാക്കി ഉണ്ടായിരുന്നു എന്നാണ് പരാതിക്കാരന്‍ അവകാശപ്പെട്ടത്. പുതുതായി വാങ്ങിയ കാറിന് ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനായി 5000 രൂപ അബ്ദുള്‍ അലി കെട്ടിവെച്ചിരുന്നു.

എന്നാല്‍ ഈ നമ്പറിനായി കൂടുതല്‍ ആളുകള്‍ രംഗത്തെത്തി. ഇതോടെ നമ്പര്‍ ലേലത്തിന് വെക്കുകയായിരുന്നു. ലേലം വിളിക്കാനായി വൈകുന്നേരം അഞ്ച് മണി വരെയായിരുന്നു സമയം നല്‍കിയത്. അബ്ദുള്‍ അലി 25000 രൂപയ്ക്ക് ഇഷ്ട നമ്പര്‍ ലേലത്തില്‍ വിളിക്കാന്‍ അപേക്ഷ നല്‍കി. എന്നാല്‍ സമയം തീര്‍ന്നു എന്ന് കാണിച്ച് അബ്ദുള്‍ അലിയുടെ അപേക്ഷ നിരസിക്കുകയായിരുന്നു.
അതേസമയം അനുവദിച്ച സമയത്തില്‍ 1 മിനിട്ടും 43 സെക്കന്റും ബാക്കി നില്‍ക്കെയാണ് അപേക്ഷ നിരസിച്ചത് എന്ന് ചൂണ്ടിക്കാട്ടി അബ്ദുള്‍ അലി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചു. ഗതാഗത വകുപ്പിനെ എതിരെയായിരുന്നു അബ്ദുള്‍ അലി ഹര്‍ജി നല്‍കിയത്. എന്നാല്‍ ലേല നടപടികളുടെ നിയന്ത്രണം നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനാണ് എന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍ ടി ഒ അറിയിച്ചു.
ഇതോടെ കേസില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനെ കക്ഷി ചേര്‍ത്തു. തെളിവുകള്‍ പരിശോധിച്ച ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ അബ്ദുള്‍ അലിയുടെ പരാതിയില്‍ കഴമ്പുണ്ട് എന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനോട് പരാതിക്കാരന് 25000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.
ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കണം എന്നും അല്ലാത്തപക്ഷം പരാതിക്കാരന് 12 ശതമാനം പലിശ നല്‍കണമെന്നും ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മാഈല്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കേസില്‍ ഉത്തരവിട്ടത്.












Click it and Unblock the Notifications