കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു... കാറിലുണ്ടായിരുന്ന രണ്ടരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്!!
മലപ്പുറം: കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കൈകുഞ്ഞ് മരിച്ചു. പാലക്കാട് കോട്ടപ്പാടം സ്വദേശി അരിപ്രവീട്ടില്‍ അബ്ദുല്‍ സലീം ഫൗസിയ ദമ്പതികളുടെ രണ്ടര മാസം പ്രായമുള്ള മുഹമ്മദ് ബിലാല്‍ ആണ് മരിച്ചത്. എടപ്പാള്‍ അയിലക്കാട് പള്ളിക്ക് സമീപം ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്.
കുടുംബം സഞ്ചരിച്ച കാര്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ നാട്ടുകാരുടെ നേതൃത്വത്തില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില എത്തിച്ചെങ്കിലും വ്യാഴാഴ്ച കാലത്ത് എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അതേ സമയം കഴിഞ്ഞ ദിവസം ദേശീയപാത പൂക്കിപ്പറമ്പില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചിരുന്നു. കക്കാട് തയ്യില്‍ അബ്ദുള്‍ അഷ്‌റഫിന്റെ മകന്‍ മിന്‍ഹാജ് റഹ്മാനാണ് (19) മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സക്കിടെ ഉച്ചയോടെ മരിക്കുകയായിരുന്നു.
കോട്ടക്കല്‍ സ്വകാര്യ സ്ഥാപനത്തില്‍ എന്‍ട്രന്‍സ് കോച്ചിഗിന് പഠിക്കുന്ന മിന്‍ഹാജ് റഹ്മാന്‍ ക്ലാസ്സിന് പോകുംവഴിയാണ് അപകടത്തില്‍പ്പെട്ടത്. തിരൂരങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നലെ 11.30ന് കക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. മാതാവ്: സലീന. സഹോദരങ്ങള്‍: ശമാഹറിന്‍, മിന്‍ഷാദ് റഹ്മാന്‍, മഹ്ജബിന്‍.
വാഹനാപകട മരണങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണ്.എടരിക്കോട് ക്ലാരി മൂച്ചിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ഒരാള്‍ മരിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്.. പരുത്തിക്കുന്നില്‍ മജീദ് (45)ആണ് മരിച്ചത്. ഈ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരന്‍ മുസ്തഫ (48) യും മരണപ്പെട്ടിരുന്നു.സാധനങ്ങള്‍ വാങ്ങി മജീദ് വീട്ടിലേക്ക് ഓട്ടോയില്‍ വന്നിറങ്ങി ഡ്രൈവര്‍ക്ക് പണം നല്‍കുന്നതിനിടെയാണ് ഓട്ടോയ്ക്ക് പിറകില്‍ കരിങ്കല്‍ കയറ്റി വന്ന ടിപ്പര്‍ ലോറി വന്നിടിച്ചത്.
ടിപ്പറിനടിയില്‍ മജീദ് കുടുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ടിപ്പര്‍ നിന്നത്. ഈ വിവരമറിഞ്ഞ് സമീപത്ത് കട നടത്തുന്ന സഹോദരന്‍ മുസ്തഫ സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഈ സ്ഥലത്ത് നേരത്തെയും പല അപകടങ്ങളും നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വളരെ വീതികുറഞ്ഞ ഈ റോഡിലൂടെ കാല്‍നട യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നത്.












Click it and Unblock the Notifications