മലപ്പുറത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ കരടി നിരീക്ഷണത്തില്‍; ശരീരത്തില്‍ മറിവ്
മലപ്പുറം: മൂത്തേടത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ കരടിയെ ഒടുവില്‍ കണ്ടെത്തി. ഒരുമാസത്തോളമായി നെല്ലിക്കുത്ത് പച്ചിലപ്പാടം മേഖലിയില്‍ കരടിയെ പലപ്പോഴായി കാണുന്നു. തുടര്‍ന്ന് ക്യാമറകള്‍ സ്ഥാപിച്ചു നിരീക്ഷണം നടത്തിയതോടെ സാന്നിധ്യം ഉറപ്പിച്ചു. ഇപ്പോള്‍ കരടിയെ നാട്ടുകാര്‍ നേരിട്ട് കണ്ടു. നെല്‍കൃഷി നടത്തുന്ന കരിമ്പോടന് മുസ്തഫയാണ് ആദ്യം കരടിയെ നേരിട്ട് കണ്ടത്.
വിവരം അറിഞ്ഞ് കൂടുതല്‍ പേരെത്തി. ഇതോടെ കരടി പൊന്തക്കാട്ടില്‍ ഒളിച്ചു. അരയ്ക്ക് മുകളില്‍ മുറിവുണ്ടെന്നാണ് നിഗമനം. അവശനായാണ് കാണപ്പെടുന്നതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. കോഴിക്കോട് നിന്ന് വെറ്റിനറി ഡോക്ടര്‍ അരുണ്‍ സത്യന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി.
പടുക്ക ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രഘുനാഥ്, നിലമ്പൂര്‍ വനം റാപ്പിഡ് റെസ്പോണ്‍സ് ടീം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രാഗേഷ് എന്നിവരുടെ നേതൃത്വത്തില്‍ വനപാലകരും എടക്കര എസ്ഐ അമീറലിയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. മൂന്ന് മണിയോടെ കോഴിക്കോട് നിന്നുള്ള വിദഗ്ധരും വന്നു.
ബിഹാറില്‍ ഇരട്ട നിലപാടുമായി മുസ്ലിം ലീഗ്; എസ്ഡിപിഐക്കൊപ്പം, പക്ഷേ, കുഞ്ഞാലിക്കുട്ടി പറയുന്നത്...

കരടി ഒളിച്ച പൊന്തക്കാടിന് ചുറ്റും വല സ്ഥാപിച്ചു. വൈകീട്ടോടെ കരടി കൂടും സ്ഥലത്തെത്തിച്ചു. ആവശ്യമായ തേന്‍ എത്തിച്ച് കൂട്ടില്‍ വച്ചിട്ടുണ്ട്. അധികം വൈകാതെ കരടിയെ പിടികൂടാന്‍ സാധിക്കുമെന്നാണ് വനപാലകര്‍ പ്രതീക്ഷിക്കുന്നത്. മുറിവ് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ചികില്‍സ നല്‍കും. പരിക്ക് സാരമല്ലെങ്കില്‍ കാട്ടിലേക്ക് വിട്ടയക്കും.