കരിപ്പൂരിൽ വൻ സ്വര്‍ണവേട്ട; പിടികൂടിയത് ഒരു കോടിയുടെ സ്വർണ്ണം; സ്വീകരിക്കാനെത്തിയവർക്കും പിടി വീണു
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒരു കോടി രൂപയുടെ സ്വർണം പൊലീസ് പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നും ബഹ്റൈനിൽ നിന്നും നാട്ടിൽ എത്തിയവരാണ് ഇവർ. മണ്ണാർക്കാട് സ്വദേശി വിഷ്ണുദാസ്, വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ച് പൊലീസിന്റെ പിടിയിലായത്.
വിമാനത്താവളത്തിന് ഉള്ളിൽ നിന്നും കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇവർ പുറത്തിറങ്ങിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെയാണ് ഇവർ പോലീസിന്റെ പിടിയിൽ ആയത്. ഒന്നേ മുക്കാൽ കിലോ സ്വർണമാണ് ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയത്. ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്നതാണ് ഈ സ്വർണം.

ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. മെഡിക്കൽ എക്സ്റേ പരിശോധനയിൽ കടത്താൻ ശ്രമിച്ച സ്വർണ്ണം കണ്ടെത്തുകയായിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ കാത്ത് സുഹൃത്തുക്കളും പുറത്ത് കാവൽ നിൽക്കുകയായിരുന്നു. ഷബിൻ, ഷബീർ, ലത്തീഫ്, സലീം എന്നിവരെയും സംഭവത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതിന് പുറമെ രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം, കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചതിന് ശേഷം നിരവധി കേസുകൾ ആണ് ഇത്തരത്തിൽ പിടികൂടാൻ സാധിച്ചത്. ഇതുവരെ പന്ത്രണ്ടോളം തവണ സ്വർണം പിടികൂടിയിരുന്നു എന്നാണ് റിപ്പോർട്ട്.
ഇന്നലെയും സമാനമായ സംഭവം കരിപ്പൂർ വിമാത്താവളത്തിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ രണ്ട് പേർ പൊലീസിന്റെ പിടിയിൽ ആയി. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്ത് ഇറങ്ങിയ യാത്രക്കാരെ ആണ് പിടി കൂടിയത്. ഇവരുടെ ലഗേജിലും ശരീരത്തിലും ഒളിപ്പിച്ച 63.79 ലക്ഷം രൂപയുടെ സ്വർണമാണ് പിടി കൂടിയത്.
കരിപ്പൂർ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയോടെ ആണ് സംഭവം നടന്നത്. ബഹ്റൈനിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടി കൂടിയത്. മഞ്ചേരി കാരക്കുന്ന് പാറക്കൽ വീട്ടിൽ യൂസഫലി (34) ആണ് പിടിയിൽ ആയത്. ഇയാളിൽ നിന്ന് 4 സ്വർണ മിശ്രിത കാപ്സ്യൂളുകളാണ് കണ്ടെത്തിയത്.
ഇത് ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു. 963 ഗ്രാം മിശ്രിതത്തിൽ നിന്ന് 45.36 ലക്ഷം രൂപയുടെ 866 ഗ്രാം സ്വർണം ലഭിച്ചു എന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, അബുദാബിയിൽ നിന്നും വന്ന അങ്ങാടിപ്പുറം പുഴക്കാട്ടിരി മണ്ണുംകുളം പാലത്തിങ്ങൽ അബ്ദുല്ല (37) യെയും പിടികൂടിയിരുന്നു. എമർജൻസി വിളക്കിനുള്ളിൽ നിന്നു 18.43 ലക്ഷം രൂപയുടെ 352 ഗ്രാം സ്വർണം ആണ് കണ്ടെത്തിയിരുന്നത്.












Click it and Unblock the Notifications