കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊണ്ടോട്ടിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറേ കാലോടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപമാണ് അപകടം ഉണ്ടായത്. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ഐവിന്‍ എന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

അമിതവേഗതയില്‍ വന്ന ടോറസ് ലോറി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. നാട്ടുകാരും റോഡിലെ മറ്റ് യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ജീവനക്കാരിയാണ് മരിച്ചത്. നഴ്‌സിംഗ് ജീവനക്കാരിയായ വിജിയാണ് മരിച്ചത്.
25 കാരിയായ വിജി അരീക്കോട് സ്വദേശിയാണ്. മൊറയൂര്‍ എന്ന സ്ഥലത്ത് നിന്നാണ് ഇവര്‍ ബസില്‍ കയറിയത്. ജോലിക്കായി പോകുന്നതിനിടെയാണ് അപകടം. അപകടത്തില്‍ വിജിയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട ആറോ ഏഴോ പേര്‍ക്ക് സാരമായ പരിക്കുണ്ടെന്നാണ് വിവരം.
ഇടിയുടെ ആഘാതത്തില്‍ ഒരു വൈദ്യുതി പോസ്റ്റിലും ഇടിച്ചാണ് ബസ് മറിഞ്ഞത്. മലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കിയത്. ലോറിയിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications