ചങ്ങരംകുളത്ത് കരോള്‍ സംഘത്തിന് നേരെ ആക്രമണം; നിരവധി കുട്ടികള്‍ ആശുപത്രിയില്‍
മലപ്പുറം: ചങ്ങരംകുളത്ത് കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെ മദ്യപരുടെ ആക്രമണം. ശനിയാഴ്ച രാത്രിയാണ് സംഭവം. പട്ടികയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുട്ടികളുടെ വാദ്യോപകരണങ്ങളും ഇവര്‍ നശിപ്പിച്ചു. ബഹളമായതോടെ ആളുകള്‍ ഓടിക്കൂടിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടു. ഇവരെ കണ്ടാല്‍ അറിയാമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടികള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചങ്ങരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.

25ഓളം കുട്ടികളാണ് കരോള്‍ സംഘത്തിലുണ്ടായിരുന്നത്. മിക്കവരും 16 വയസുകാരാണ്. വാദ്യോപകരണങ്ങള്‍ വാടകക്ക് എടുത്തായിരുന്നു ഇവര്‍ പരിപാടി നടത്തിയത്. ചങ്ങരംകുളം പെരിമുക്കിലാണ് ശനിയാഴ്ച രാത്രി പത്ത് മണിയോടെ സംഭവം. മദ്യപര്‍ ആക്രമിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കളും കുട്ടികളും പറയുന്നു. നേരത്തെ ചില തര്‍ക്കങ്ങള്‍ ഇവിടെയുണ്ടായിരുന്നുവത്രെ. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നും കുട്ടികള്‍ പറയുന്നു.
അഞ്ച് കുട്ടികള്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ചങ്ങരംകുളത്തെ രണ്ട് ആശുപത്രികളാണ് ഇവര്‍ ചികില്‍സ തേടിയിട്ടുള്ളത്. സംഭവം ഉണ്ടായ ഉടനെ ചങ്ങരംകുളം പോലീസില്‍ നാട്ടുകാര്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാന്‍ സാധിച്ചില്ല. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് കുട്ടികളും രക്ഷിതാക്കളും പറഞ്ഞു. പ്രതികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications