ഹരിത കര്‍മസേനക്ക് പാഴ്വസ്തുക്കള്‍ നല്‍കാത്തവര്‍ക്ക് സേവനമില്ല; കടുത്ത തീരുമാനത്തിലേക്ക് ചേലേമ്പ്ര പഞ്ചായത്ത്
തേഞ്ഞിപ്പലം: പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്താകാനുള്ള ശ്രമത്തിനായി കടുത്ത നടപടികളുമായി ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത്. ഇനി മുതല്‍ ഹരിതകര്‍മ സേനയ്ക്ക് പ്ലാസ്റ്റിക് അടക്കമുള്ള പാഴ്വസ്തുക്കള്‍ കൈമാറാത്ത വീട്ടുകാര്‍ക്കും സ്ഥാപനങ്ങള്‍ക്കും പഞ്ചായത്തില്‍ നിന്നുള്ള സേവനം നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലേക്കാണ് ചേലേമ്പ്ര പഞ്ചായത്ത് അധികൃതരുടെ തീരുമാനം എന്നാണ് അറിയാന്‍ കഴിയുന്നത്.
ഈ മാസം ആറാം തിയതി മുതല്‍ പഞ്ചായത്തില്‍ ഇത്തരത്തില്‍ സേവന നിരോധനം ഏര്‍പ്പെടുത്താനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഹരിതകര്‍മ സേനയ്ക്ക് പ്ലാസ്റ്റിക് അടക്കമുള്ള പാഴ്വസ്തുക്കള്‍ കൈമാറാത്ത വീട്ടുകാര്‍ക്കും സ്ഥാപനങ്ങള്‍ക്കും പഞ്ചായത്ത്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നും അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും ഒരു സേവനവും നല്‍കേണ്ടതില്ല എന്നാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ഓരോ രണ്ട് മാസം കൂടുമ്പോഴുമാണ് പാഴ് വസ്തുക്കള്‍ ശേഖരിക്കാന്‍ ഹരിത കര്‍മസേന വീടുകളില്‍ എത്തുന്നത്. ചേലേമ്പ്ര പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നേരത്തേ പാഴ്വസ്തു ശേഖരണത്തിന് കാര്‍ഡ് എത്തിച്ച് നല്‍കിയിരുന്നു. ചേലേമ്പ്ര പഞ്ചായത്തില്‍ ഏകദേശം 9000 ത്തോളം വീടുകള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ വീടുകളില്‍ നിന്നു പോലും പാഴ്വസ്തുക്കള്‍ ഹരിതകര്‍മ സേനയ്ക്ക് ലഭിക്കുന്നില്ല.
സ്ഥാപനങ്ങളില്‍ നിന്നും പാഴ് വസ്തുക്കള്‍ ഹരിതകര്‍മ സേനയ്ക്ക് ലഭിക്കുന്നത് കുറവാണ്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് കടുത്ത നടപടിയിലേക്ക് കടക്കുന്നത്. പാഴ്വസ്തുക്കള്‍ കൈമാറി 60 രൂപ ഫീസ് നല്‍കുമ്പോള്‍ അത് കാര്‍ഡില്‍ രേഖപ്പെടുത്തി വാങ്ങണം എന്നും ഇത്തരത്തില്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കാത്ത ആര്‍ക്കും ഇനി പഞ്ചായത്ത്, വില്ലേജ് ഓഫിസുകളില്‍ നിന്ന് ഒരു സേവനവും നല്‍കേണ്ടതില്ല എന്നുമാണ് തീരുമാനം.
ഹരിതകര്‍മ സേനയ്ക്ക് നല്‍കാതെ ചില വീട്ടുകാര്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുകയാണ്. മറ്റു ചിലര്‍ ജലാശയങ്ങളിലും പൊതു സ്ഥലത്തും ആണ് മാലിന്യങ്ങളും പാഴ് വസ്തുക്കളും തള്ളുന്നത്. ഇതിന് തടയിടാതെ മാലിന്യ മുക്ത പഞ്ചായത്ത് പദ്ധതി വിജയിക്കില്ല എന്നാണ് ചേലേമ്പ്ര പഞ്ചായത്തിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications