മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ വികസനത്തിനു കാരണം ജനകീയ ഇടപെടലുകൾ കേരള മോഡൽ; ജനകീയ കൂട്ടായ്മയുടെ ഭാഗമായാണ് നവകേരള മിഷന്റെ ഓരോ മിഷനുകളും പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജനകീയ ഇടപെടലുകളുടെ കേരള മോഡല്‍ ആണ് ഇന്ന് കാണുന്ന വികസന നേട്ടങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസൂത്രണ കമ്മീഷന്റെ ഘടന മാറ്റിയപ്പോഴും സംസ്ഥാനം പഴയരീതി തുടരുകയായിരുന്നു. സാമൂഹികനീതിയിലധിഷ്ഠതമായ സര്‍വതലസ്പര്‍ശിയായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലാ ആസൂത്രണ സമിതി സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

<strong>സംസ്ഥാന സര്‍ക്കാരിന്റ ആയിരം ദിനാഘോഷം; ഇടുക്കിയിൽ കൗതുക മുണര്‍ത്തി പാവനാടകം അരങ്ങേറി...!!!</strong>സംസ്ഥാന സര്‍ക്കാരിന്റ ആയിരം ദിനാഘോഷം; ഇടുക്കിയിൽ കൗതുക മുണര്‍ത്തി പാവനാടകം അരങ്ങേറി...!!!

ജനകീയ കൂട്ടായ്മയുടെ ഭാഗമായാണ് നവകേരള മിഷന്റെ ഓരോ മിഷനുകളും പ്രവര്‍ത്തിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉദാഹരണമായെടുത്താല്‍ കൊഴിഞ്ഞുപോക്കിനു പകരം സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 3,41,000 വിദ്യാര്‍ഥികളാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ പുതിയതായി എത്തിയത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി ജനം കാണുന്നു എന്നതിന്റെ തെളിവാണിത്. ആരോഗ്യ മേഖലയുടെ കാര്യത്തിലും ഇതു കാണാനാകും. ഇത്തരത്തില്‍ സംസ്ഥാനത്തെ ഓരോ പ്രദേശത്തെയും സമസ്തമേഖലകളിലെയും വികസനം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan

വരട്ടാര്‍ ഉള്‍പ്പെടെയുള്ള പത്ത് നദികളൂടെ പുനരുദ്ധാരണത്തിലൂടെ ആ പ്രദേശങ്ങളില്‍ പ്രളയം അധികം ബാധിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ജനകീയ കൂട്ടായ്മകളുടെ ഫലമായാണ് ഈ പ്രവൃത്തികള്‍ നടന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളും സഹായങ്ങള്‍ നല്‍കി. പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി ആസൂത്രണം കഴിഞ്ഞ ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കി. കഴിഞ്ഞ പദ്ധതി വിഹിതത്തിന്റെ 90 ശതമാനവും ഇതിനകം തന്നെ ചെലവഴിച്ചു. പദ്ധതി നിര്‍വഹണത്തിലെ സര്‍വകാല റെക്കോഡാണിത്.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കുമ്പോള്‍ ഇനിയുമൊരു പ്രളയത്തില്‍ തകരാത്ത നിര്‍മാണമാണ് നടത്തുന്നത്. നവകേരള നിര്‍മാണത്തിന് ജനങ്ങളുടെ സഹകരണം കൂടിയേകഴിയൂവെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ.കെ.ടി. ജലീല്‍ മുഖ്യാതിഥിയായിരുന്നു. കലക്ടര്‍ അമിത് മീണ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.വി. അബ്ദുള്‍ വഹാബ് എംപി, എംഎല്‍എ മാരായ ടി. ഉബൈദുള്ള, കെ.എന്‍.എ.ഖാദര്‍, മറ്റു ജനപ്രതിനിധികള്‍ തുടയങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ സ്വാഗതവും ജില്ലാ പ്ലാനിങ് ഓഫീസര്‍ നന്ദിയും പറഞ്ഞു.

കലക്ടറേറ്റിന് സമീപം 48 സെന്റ് സ്ഥലത്ത് നാലു നിലകളിലായി സ്ഥാപിച്ചിട്ടുള്ള ആസൂത്രണ സമിതി സമുച്ചയത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസ്, ജില്ലാ നഗരാസൂത്രൂണ ഓഫീസ്, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം, ഹരിതകേരള മിഷന്‍, ഐടി മിഷന്‍ തുടങ്ങിയവയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. നാലാം നിലയില്‍ 300, 125 വീതം ആളുകള്‍ക്ക് ഇരിക്കാവുന്ന രണ്ട് കോണ്‍ഫറന്‍സ് ഹാളുകളും സജ്ജീകരിച്ചിട്ടുണ്ട്. 11.12 കോടി അടങ്കല്‍ തുകയുള്ള പദ്ധതിയില്‍ ഇതുവരെ 10.65 കോടി രൂപ ചെലവഴിച്ചു. ഇതില്‍ സംസ്ഥാന വിഹിതം 4.14 കോടി രൂപയും തദ്ദേശസ്വയംഭരണ സ്ഥാപന വിഹിതം 5.39 കോടി രൂപയുമാണ്. കേന്ദ്രവിഹിതം 1.5 കോടി രൂപയും.

ജില്ലാ ആസൂത്രണ സമിതി രൂപരേഖ തയ്യാറാക്കിയ ആര്‍ക്കിടെക്ചര്‍ ആര്‍.കെ രമേഷ്, നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍ നിര്‍മ്മാണ്‍ മുഹമ്മദലി എന്നിവര്‍ക്ക് മുഖ്യമന്ത്രി ഉപഹാരം നല്‍കി.ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ജില്ലാപഞ്ചായത്ത് അംഗങ്ങളായ സലീം കുരുവമ്പലം, എ.കെ അബ്ദുറഹിമാന്‍, ഇസ്മായില്‍ മുത്തേടം, വെട്ടം ആലിക്കോയ, സി.എച്ച് ജമീല അബൂബക്കര്‍, സി.അബ്ദുനാസര്‍, ഷൈനി, എം.കെ റഫീഖ, ആലിപ്പറ്റ ജമീല, ഇ.എന്‍ മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് അബദുള്‍ കലാം മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ നാസര്‍, മുന്‍സിപ്പല്‍ ചേമ്പര്‍ പ്രതിനിധി കെ.കെ നാസര്‍ എന്നിവര്‍ പങ്കെടുത്തു.

നഗരങ്ങള്‍ വികസിക്കുകയും ഗ്രാമജീവിതം ദുരിതമയമായി തന്നെ നിലനില്‍ക്കുകയും ചെയ്യുന്ന വികസന മാതൃകകളാണ് രാജ്യത്തെങ്ങുമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഈ പൊതു ചിത്രത്തില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിന്റെ വികസനം. വികസനം ഏതെങ്കിലും പ്രദേശത്തോ ഏതെങ്കിലും ജനവിഭാഗങ്ങളിലോ കേന്ദ്രീകരിക്കപ്പെടരുതെന്നാണ് ഈ സര്‍ക്കാരിന്റെ കാഴ്ചപ്പാട്. വികസനത്തിന്റെ ഗുണഫലമനുഭവിക്കാത്ത പ്രദേശങ്ങളും ജനവിഭാഗങ്ങളും പൊതുധാരയില്‍ എത്തുന്ന തരത്തിലുള്ള, സമഗ്രതല സ്പര്‍ശിയായ, സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ വികസനമാണ് സര്‍ക്കാര്‍ തുടക്കം മുതലേ ലക്ഷ്യമിട്ടിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി വീടെന്ന സ്വപ്നം സ്വപ്നമായിത്തന്നെ നിലനിര്‍ത്തി മണ്ണടിയുന്ന നിരവധി മനുഷ്യരുണ്ട്. അവരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭൂരഹിതരായ 400 പേര്‍ക്കുള്ള ആധുനിക ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം പെരിന്തല്‍മണ്ണയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പലവിധ കാരണങ്ങളാല്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന 50144 കുടുംബങ്ങള്‍ക്കുള്ള വീടുകളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. 590 കോടി രൂപ ഇതിനായി ചെലവഴിച്ചു. സ്വന്തമായി സ്ഥലമുള്ള, വീട് നിര്‍മിക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത 83688 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് യാഥാര്‍ഥ്യമാക്കി. 1240 കോടി രൂപയാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചത്. ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വേണ്ടി ഭവനസമുച്ചയങ്ങളാണ് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നത്. സര്‍ക്കാര്‍ ധനസഹായത്തിന് പുറമെ ജനങ്ങളുടെ സഹകരണവും ലൈഫ് മിഷന്റെ വിജയത്തിന് കാരണമാണ്. ഇതിനായി കോര്‍പ്പറേറ്റുകളുടെ സിഎസ്ആര്‍ ഫണ്ട് സ്വീകരിക്കും. ഇങ്ങനെ നാടാകെ ഒന്നിച്ചുനിന്നാണ് ഭവനരഹിതരുടെ സ്വപ്നം സാക്ഷാത്കരിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

എസ്.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട 640 കുടുംബങ്ങളുടെ സ്‌നേഹ ഭവനത്തിന്റെ് താക്കോല്‍ ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് യാതൊരു സാങ്കേതിക തടസ്സവും നേരിടേണ്ടിവരില്ലെന്ന് എ.സി മൊയ്തീന്‍ വ്യക്തമാക്കി. ഇതിനായി പഞ്ചായത്തുകള്‍ക്കുള്ള തുക അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പെരിന്തല്‍മണ്ണ പാതായ്ക്കരവില്ലേജില്‍ എരവിമംഗലം ഒടിയന്‍ചോലയില്‍ 6.87 ഏക്കര്‍ സ്ഥലത്ത് 400പേര്‍ക്ക് താമസിക്കാനുള്ള വീടുകളാണ് ലൈഫ്മിഷന്റെ സഹായത്തോടെ ഒരുങ്ങുന്നത്. ആയിഷാ കോംപ്ലക്‌സ് ജംങ്ഷനില്‍ നടന്ന ചടങ്ങില്‍ മഞ്ഞളാംകുഴി എം.എല്‍.എ, മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം, ലൈഫ് മിഷന്‍ സി.ഇ.ഒ യു.വിജോസ് തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണയില്‍ 2004 കുടുംബങ്ങളുടെ ഭവന സ്വപ്നങ്ങളാണ് സാക്ഷാത്ക്കരിക്കുന്നത്. ലൈഫ്മിഷനും നഗരസഭയും നടത്തിയ സര്‍വ്വെ പ്രകാരം നഗരത്തില്‍ 684 ഭവനരഹിതരും 640 തീര്‍ത്തും വാസയോഗ്യമല്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങളും, 280 പണിതീരാത്ത വീടുള്ള കുടുംബങ്ങളും 400 ഭൂരഹിതരായ ഭവനമില്ലാത്ത കുടുംബങ്ങളുമാണ് ഗുണഭോക്താക്കള്‍. ഈ കുടംബങ്ങളുടെ ഭവനസ്വപ്നം സാക്ഷാത്കരിക്കാന്‍ ലൈഫ് മിഷന്‍, പി.എം.എവൈ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയോജിപ്പിച്ചു സമഗ്ര പദ്ധതി തയ്യാറാക്കി. ഇതില്‍ ഭൂമിയുള്ള 1604 കുടുംബങ്ങളില്‍ 60 ശതമാനം ഭവനങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുന്നു. ഈ ഘട്ടത്തിലാണ് ഭൂരഹിതരായ ഭവനരഹിതര്‍ക്കു വേണ്ടി ഭവന സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

600 സ്‌ക്വയര്‍ ഫീറ്റില്‍ഒരു ഭവനം എന്ന നിലയില്‍ മൂന്ന് നിലകളിലായി 12 ഭവനങ്ങളങ്ങുന്ന 34 ഭവന സമുച്ചയമാണ് നിര്‍മ്മിക്കുന്നത്. ഭവന സമുച്ചയത്തോടൊപ്പം ഈ വീടുകള്‍ക്കാവശ്യമായ കുടിവെള്ള പദ്ധതി, വൈദ്യുതി ലൈന്‍, കമ്യൂനിറ്റിഹാള്‍ , അങ്കണവാടി, റസിഡന്‍സ് അസോസിയേഷന്‍ ഹാള്‍, കൊമേഴ്സ്യല്‍ഷോപ്പുകള്‍, തൊഴില്‍ പരിശീലന കേന്ദ്രം, കളിസ്ഥലം, വിശ്രമകേന്ദ്രം എിവയെല്ലാം ആധുനിക ഭവന സമുച്ചയത്തില്‍ ഒരുക്കും. ഈ പൊതുസൗകര്യങ്ങളെല്ലാം നിര്‍മ്മിച്ച് നല്‍കുന്നത് നഗരസഭ തന്നെയാണ്. 54 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുത്.

ഈ സംഖ്യയില്‍ 20 കോടി ലൈഫ്മിഷനും, ആറുകോടി പി.എം.എവൈ, 10 കോടി നഗരസഭ വിഹിതവും 16 കോടി സംഭാവനയും-സി.ഡി.എസ്.ആര്‍ ഫണ്ടുകളും സംയോജിപ്പിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ബാംഗ്ലൂര്‍ ആസ്ഥാനമായ എ.യു.എസ് കണ്‍സോര്‍ഷ്യം തയ്യാറാക്കിയ രൂപരേഖ പ്രകാരം നഗരസഭയിലെ നിര്‍മാണരംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ച മാലാഖ സൊലൂഷന്‍സ് എന്ന കുടുംബശ്രീ സംരംഭക ഗ്രൂപ്പാണ് നിര്‍മാണം നടത്തുന്നത്. ഒരുവര്‍ഷത്തിനകം തന്നെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് നഗരസഭ ലക്ഷ്യം വെയ്ക്കുന്നത്.

Malappuram
English summary
Chief Minister Pinarayi Vijayan about Nava Kerala Mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X