മലപ്പുറം നിഷ്‌കളങ്കരുടെ നാട്, ചിലര്‍ സിനിമകളില്‍ വികൃതമായി ചിത്രീകരിച്ചു: പിണറായി വിജയന്‍
മലപ്പുറം: നിഷ്‌കളങ്കരായ ആളുകളുടെ നാടാണ് മലപ്പുറം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് ദേശാഭിമാനി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എന്നാല്‍ ചിലര്‍ സിനിമകളില്‍ മലപ്പുറത്തെ വികൃതമായാണ് ചിത്രീകരിച്ചത് എന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ഹിന്ദുത്വ വര്‍ഗീയ പ്രചാരണത്തിന്റെ ഭാഗമാണത്.
അത്തരം പ്രചാരണം നടത്തുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജന മനസുകളുടെ ഒരുമയാണ് മലപ്പുറത്ത് ഉള്ളത് എന്നും മതനിരപേക്ഷതയുടെ നാടാണ് മലപ്പുറം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ മുസ്ലീം ലീഗുമായി സി പി എമ്മിന് ഉണ്ടായിരുന്ന പഴയകാല ബന്ധവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 60 കളില്‍ മുസ്ലീം ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നും പിണറായി പറഞ്ഞു.

അന്ന് പലരും തങ്ങളെ ആക്ഷേപിച്ചുവെന്നും പിണറായി പറഞ്ഞു. ആരാണ് അന്ന് ആക്ഷേപിച്ചതെന്ന് ഇപ്പോള്‍ പറയുന്നില്ല എന്നും പിണറായി കൂട്ടിച്ചേര്‍ത്തു. അതേസമയം മുഖ്യമന്ത്രിയില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത് മുസ്ലിം ലീഗ് നേതാവും മലപ്പുറം നിയമസഭാ മണ്ഡലത്തിലെ എം എല്‍ എയുമായ പി ഉബൈദുള്ളയായിരുന്നു എന്നതും ശ്രദ്ധേയമായി. മിഥ്യയും യാഥാര്‍ത്ഥ്യവും എന്ന പുസ്തക പ്രകാശനത്തിനാണ് മുഖ്യമന്ത്രി മലപ്പുറത്ത് എത്തിയത്.
അതിനിടെ മലപ്പുറത്ത് രണ്ടിടത്ത് മുഖ്യമന്ത്രി കരിങ്കൊടി പ്രതിഷേധം നേരിട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രണ്ടിടത്തും കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. പുളിക്കലിലും മലപ്പുറത്തും വെച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധം.
കോഴിക്കോട് നിന്ന് മലപ്പുറത്തേക്ക് വരുന്നതിനിടെ പുളിക്കലില്‍ നാല് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഹഫീസ് കൊല്ലാരന്‍, എ.കെ. ഷാനിദ്, യസീത് കോയ തങ്ങള്‍, നഹാസ് ആലുങ്ങല്‍, സമദ് പുളിക്കല്‍, പ്രദീപ്, നസീഫ് പെരിന്തോടി, സുല്‍ഫിക്കര്‍ തുടങ്ങിയ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണ് പ്രതിഷേധിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. നവകേരള സദസിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്ത് എത്തുന്നത്.












Click it and Unblock the Notifications