മലപ്പുറം ജില്ലയില്‍ കൊറോണ നിയന്ത്രണങ്ങള്‍ നീക്കി; ഇനി രാത്രി 9 വരെ പ്രവര്‍ത്തിക്കാം
മലപ്പുറം: കോവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യ ശാലകള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. നവംബര്‍ 15ന് അര്‍ധരാത്രിയോടെ നിരോധനാജ്ഞാ നിയന്ത്രണങ്ങള്‍ ഒഴിവായ സാഹചര്യത്തിലാണ് കലക്ടറുടെ ഉത്തരവ്. വ്യാപാരികളുടേയും പൊതുജനങ്ങളുടേയും പ്രയാസങ്ങള്‍ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

കണ്ടെയിന്‍മെന്റ് സോണുകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, കൂള്‍ ബാറുകള്‍, ടീ - ഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം. ഭക്ഷണ പാര്‍സല്‍ സര്‍വ്വീസുകള്‍ക്ക് രാത്രി 10 മണിവരേയും അനുമതിയുണ്ട്. തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കോവിഡ് സാമൂഹ്യ വ്യാപന സാധ്യത തിരിച്ചറിഞ്ഞുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം, ജില്ലയില്‍ ഇന്ന് 507 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 474 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 22 പേര്‍ക്കും ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.
661 പേര്‍ ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി. ഇവരുള്‍പ്പെടെ 55,861 പേര്‍ കോവിഡ് വിമുക്തരായി വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. 77,159 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,545 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 502 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 311 പേരും 267 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 306 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.












Click it and Unblock the Notifications