ഊണും ഉറക്കവും ഉപേക്ഷിച്ചത് ഇവർ; മലപ്പുറത്തെ പുതിയ തിരഞ്ഞെടുപ്പിന്റെ പ്രധാന വില്ലൻ ഇവൻ
ഊണും ഉറക്കവും ഉപേക്ഷിച്ചത് ഇവർ; മലപ്പുറത്തെ പുതിയ തിരഞ്ഞെടുപ്പിന്റെ പ്രധാന വില്ലൻ ഇവൻ
മലപ്പുറം: മലപ്പുറം ജില്ലയിൽ ഡിസംബർ 7 - ന് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഈ തിരഞ്ഞെടുപ്പുകൾ നടക്കുന്നതിന് ഒരു പ്രധാന കാരണം ഉണ്ട്. നാം 2 വർഷങ്ങളായി അഭിമുഖീകരിക്കുന്ന അല്ലെങ്കിൽ നേരിടുന്ന വില്ലനാണ് കഥയിലെ പ്രധാന നായകൻ. ജില്ലയിലെ 5 പഞ്ചായത്ത് വാർഡുകളിൽ നാലിടത്തും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കോവിഡ് എന്ന മഹാമാരിയാണ് ഈ തിരഞ്ഞെടുപ്പുകൾ നടക്കാനുളള കാരണക്കാരൻ ഈ നാല് വാർഡുകളിലെ ജന പ്രതിനിധികളും കോവിഡ് ബാധിച്ച് മരിക്കുകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഊണും ഉറക്കവും ഉപേക്ഷിച്ച് ഓടി നടന്നവരായിരുന്നു ഈ ജന പ്രതിനിധികൾ.

മക്കരപ്പറമ്പ് പഞ്ചായത്ത് ഒന്നാം വാർഡിലെ (കാച്ചിനിക്കാട്) ജനപ്രതിനിധിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സി.കോയ, തിരുവാലി പഞ്ചായത്തിലെ ഏഴാം വാർഡ് (കണ്ടമംഗലം) അംഗം ടി.പി.അബ്ദുൽ നാസർ, ഊർങ്ങാട്ടിരി പഞ്ചായത്ത് അഞ്ചാം വാർഡ് (വേഴക്കോട്) അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.ജ്യോതിഷ് കുമാർ, കാലടി പഞ്ചായത്ത് ആറാം വാർഡ് (ചാലപ്പുറം) അംഗം കെ.ഫാത്തിമ എന്നിവരെല്ലാം കോവിഡ് ബാധിച്ചും കോവിഡനന്തര ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും നിരീക്ഷണകേന്ദ്രങ്ങളും ഒരുക്കൽ, ഭക്ഷണവിതരണം, കോവിഡ് ബാധിതർക്കുള്ള മറ്റ് സഹായങ്ങൾ എന്നിവയ്ക്ക് വേണ്ടി ജനങ്ങൾക്കും അധികൃതർക്കും ആശ്രയമായിരുന്നവരായിരുന്നു ഇവരെല്ലാം. എന്നാൽ, പതിനാലാം വാർഡ് ചീനിക്കലിൽനിന്നുള്ള യുഡിഎഫ് അംഗം എം.പി. സുനീർ രാജിവച്ച ഒഴിവിലേക്കാണ് പൂക്കോട്ടൂർ പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ്.

തിരുവാലി പഞ്ചായത്ത്
2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗം വിജയിച്ച ഏഴാം വാർഡിലേക്കാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് വരുന്നത്. 16 വാർഡുകളുള്ള പഞ്ചായത്തിൽ ഇരുമുന്നണികൾക്കും തുല്യ സീറ്റ് ലഭിച്ചതിനാൽ നറുക്കെടുപ്പിലൂടെ എൽഡിഎഫിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ഭരണവും ലഭിച്ചു. ഉപതിരഞ്ഞെടുപ്പ് ഫലം എന്തായാലും എൽഡിഎഫ് ഭരണത്തെ ബാധിക്കില്ല. സീറ്റ് നിലനിർത്തിയില്ലെങ്കിൽ യുഡിഎഫിന് നറുക്കെടുപ്പിൽ ലഭിച്ച വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടും. സ്ഥിരസമിതികളിലും മാറ്റമുണ്ടാകും.
Recommended Video

അതേസമയം, ഊർങ്ങാട്ടിരി പഞ്ചായത്തിൽ യുഡിഎഫ് അംഗം വിജയിച്ച അഞ്ചാം വാർഡിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. നിലവിൽ ആകെ 21 ൽ 14 സീറ്റും പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫിനാണ്. എൽഡിഎഫ് 7. ഉപതിരഞ്ഞെടുപ്പ് വിജയപരാജയങ്ങൾ പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല. എന്നാൽ, കാലടി പഞ്ചായത്തിൽ യുഡിഎഫ് അംഗം (മുസ്‌ലിം ലീഗ്) വിജയിച്ച ആറാം വാർഡിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. നിലവിൽ 9 സീറ്റുമായി യുഡിഎഫിന് ആണ് ഭരണം. എൽഡിഎഫ് 5, എസ്ഡിപിഐ 1. ജയപരാജയങ്ങൾ ഭരണത്തെ ബാധിക്കില്ല.
മക്കരപ്പറമ്പ് പഞ്ചായത്തിൽ മുസ്‌ലിം ലീഗ് വിജയിച്ച ഒന്നാം വാർഡിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. 13 അംഗങ്ങളുള്ള ഭരണ സമിതിയിൽ 12 പേരും മുസ്‌ലിം ലീഗും സഖ്യ കക്ഷികളുമാണ്. ഒരു സീറ്റ് മാത്രമാണ് എൽഡിഎഫിന്. ഒന്നാം വാർഡിലെ മത്സരഫലം ഭരണത്തെ ബാധിക്കില്ല.
പൂക്കോട്ടൂർ പഞ്ചായത്തിൽ യുഡിഎഫ് അംഗം വിജയിച്ച പതിനാലാം വാർഡിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.ആകെയുള്ള 19 വാർഡിൽ പതിനെട്ടും യുഡിഎഫിന്റെ കയ്യിലാണ്. ഒരു അംഗം മാത്രമാണ് സിപിഎമ്മിനുള്ളത്. തിരഞ്ഞെടുപ്പ് ഫലം ഒരുതരത്തിലും പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല.












Click it and Unblock the Notifications