സ്റ്റോക്കുമില്ല വാക്സിൻ എടുക്കാൻ മൂഡുമില്ല: കൗമാരക്കാർ ഇവിടെ പെട്ടുപോയോ?
മലപ്പുറം: കൗമാരക്കാരുടെ വാക്സിനേഷൻ ജില്ലയിൽ മന്ദഗതിയിൽ നീങ്ങുന്നു. ചിലർ ആശുപത്രികളിൽ രണ്ടാം ഡോസ് എടുക്കാൻ എത്തി മടങ്ങിപ്പോകേണ്ടി വന്നതായും പരാതിയുണ്ട്. വാക്സിന്റെ ക്ഷാമവും ഇതിന് പ്രധാന കാരണമാകുന്നു.
ജില്ലയിൽ 69 % കൗമാരക്കാർ ഇതുവരെ കൊവിഡ് വാകിസിൻ എടുത്തു. അതായത്, 1.63 ലക്ഷം പേർ. ഇതിൽ 1.10 ലക്ഷം വിദ്യാർഥികൾക്ക് രണ്ടാം ഡോസിന് സ്വീകരിക്കണം. എന്നാൽ, ആശുപത്രികളിലെ വാക്സീൻ ക്ഷാമം കാരണം പലരുടെയും വാകിസിനേഷൻ തടസ്സപ്പെടുന്നു.

മലപ്പുറം താലൂക്ക് ആശുപത്രിയിൽ 5 ദിവസമായി ആവശ്യത്തിന് കോവാക്സിൻ ഇല്ലെന്നാണ് വിവരം. മഞ്ചേരി മെഡിക്കൽ കോളജിൽ കോവാക്സിൻ ഇന്നലെ സ്റ്റോക് ഉണ്ടായിരുന്നില്ല. ഇവിടെ ഒട്ടേറെ വിദ്യാർഥികളാണ് മടങ്ങിപ്പോയത്. ചില ആശുപത്രികളിൽ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള സ്റ്റോക് മാത്രമാണ് ഉളളത്. ഇനിയും 80,000 വിദ്യാർഥികൾക്കാണ് ഒന്നാം ഡോസ് എടുക്കാൻ ഉള്ളത്. ജില്ലയിൽ ഇന്നലെ 10,000 ഡോസ് കോവാക്സിൻ സ്റ്റോക് ഉണ്ടെന്നാണ് ജില്ലാ വാക്സിനേഷൻ അധികൃതർ നൽകിയ വിവരം.
23,000 ഡോസ് കൂടി ഇന്നത്തേക്ക് എത്തും. വാക്സീൻ സ്റ്റോക്ക് ഉള്ള ആശുപത്രികളിൽ നിന്ന് ഇല്ലാത്തവയിലേക്ക് പുനഃക്രമീകരണം നടത്തിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. ആവശ്യപ്പെടുന്നവർക്ക് പുനഃക്രമീകരിച്ച് നൽകുന്നുണ്ടെന്നും അവർ അറിയിച്ചു. അതേസമയം കൗമാരക്കാരുടെ വാക്സിനേഷൻ ഇഴയുന്നതായി അധികൃതരും സമ്മതിക്കുന്നു.
ഇപ്പോൾ 2000 മുതൽ 3000 വരെയേ ഉള്ള. നേരത്തേ ദിവസം 10,000 മുതൽ 11,000 ഡോസ് വരെ കോവാക്സിൻ കുത്തി വെയ്പുകൾ നടന്നിരുന്നു. സമീപ ദിവസങ്ങളിൽ പനി വ്യാപകമായതോ കോവിഡ് പോസിറ്റീവ് ആയതോ ആകാം കാരണമെന്ന സൂചനയും അവർ നൽകുന്നു. അതേസമയം രണ്ടാം ഡോസ് എടുക്കാനുള്ളവർ പരിഭ്രാന്തരാകേണ്ടതില്ല. 28 ദിവസം കഴിഞ്ഞാലും 2 ആഴ്ചയ്ക്കുള്ളിലേ രണ്ടാമത്തെ ഡോസ് എടുക്കേണ്ടതുള്ളൂ. ആവശ്യത്തിന് വാക്സീൻ എത്തുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, കേരളത്തില്‍ 7780 പേര്‍ക്ക് കൊവിഡ്-19 ഇന്നലെ സ്ഥിരീകരിച്ചു എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434, പത്തനംതിട്ട 386, പാലക്കാട് 363, വയനാട് 324, കണ്ണൂര്‍ 282, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,192 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,630 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,93,186 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4444 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 626 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 85,875 കോവിഡ് കേസുകളില്‍, 5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.












Click it and Unblock the Notifications