പ്രവാസികള്‍ സ്വര്‍ണ്ണക്കടത്തില്‍ കുടുക്കുന്നത് ഏജന്റുമാര്‍: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!
മലപ്പുറം: നാട്ടിലേക്ക് അവധിക്കുപോകുന്ന മലയാളി പ്രവാസികളെ സ്വര്‍ണക്കടത്ത് കാരിയര്‍മാരാക്കാന്‍ ദുബായിയില്‍ ഏജന്റുമാര്‍, പിടിയിലാകുന്നത് സാധാരണ യാത്രക്കാരെന്ന് കസ്റ്റംസ് വിഭാഗം. മലയാളികളായ പ്രവാസികളെ സ്വര്‍ണക്കടത്ത് കാരിയര്‍മാരാക്കാനായി യു.എ.ഇയിലെ ദുബായ്, ഷാര്‍ജ വിമാനത്തവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്.

ചോദ്യം ചെയ്യല്‍ നിര്‍ണായകം
കഴിഞ്ഞ ദിവസങ്ങളില്‍ കരിപ്പൂര്‍ വിമാനത്തവളത്തില്‍ സ്വര്‍ണവുമായി പിടിയിലായ കാരിയര്‍മാരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇത്തരത്തില്‍ വ്യാപകമായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി കസ്റ്റംസ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. സാധാരണക്കാരായ പ്രവാസിയാത്രക്കാര്‍വശം രൂപംമാറ്റിയ സ്വര്‍ണം നല്‍കുകയും വിമാനടിക്കറ്റും പതിനായിരംരൂപയും നല്‍കിയാണ് കാരിയര്‍മാരായി അയക്കുന്നത്. ചിലര്‍ക്ക് 20,000രൂപവരെ നല്‍കുന്നുണ്ട്. കുടുംബവുമായി യാത്രചെയ്യുന്നവരേയും ഇത്തരം ഏജന്റുമാര്‍ സമീപിക്കുന്നുണ്ട്.

ദുബായിലും ഷാര്‍ജയിലും
കരിപ്പൂര്‍ വിമാനത്തവളത്തില്‍ അടുത്തിടെ പിടിയിലായ കാരിയര്‍മാരില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ ദുബായ്, ഷാര്‍ജ വിമാനത്തവളങ്ങളില്‍നിന്നും ഏജന്റുമാര്‍ നല്‍കിയ സ്വര്‍ണവുമായി എത്തിയവരായിരുന്നുവെന്നു കരിപ്പൂര്‍ വിമാനത്തവളത്തിലെ കസ്റ്റംസ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്വര്‍ണം ദ്രവരൂപത്തില്‍
രൂപമാറ്റിയും ദ്രാവക രൂപത്തിലാക്കിയുമാണ് ഇപ്പോള്‍ കൂടുതലായി സ്വര്‍ണംകടത്തുന്നത്. സ്ഥിരം കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നത് മാറ്റി സാധാരക്കാരായ യാത്രക്കാര്‍വശം സ്വര്‍ണം അയക്കുന്നത് പിടിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നതിന് പുറമെ സ്വര്‍ണക്കടത്ത് സംഘത്തിന് ചെറിയ തുകക്ക് കാര്യം സാധിക്കുമെന്നതിനാലുമാണ് ഈ രീതിയില്‍ കുടുതല്‍ കടത്ത് നടക്കുന്നത്. ഇതിന് പുറമെ ഇത്തരം കാരിയര്‍മാര്‍ക്ക് സ്വര്‍ണം ആര്‍ക്കുവേണ്ടിയാണ് എത്തിക്കുന്നതെന്ന് പോലും അറിയുകയുമില്ല.

ദുബായ് വിമാനത്താവളത്തില്‍ നിന്ന്
കഴിഞ്ഞ ദിവസം കരിപ്പൂരില്‍ പിടിയിലായ രണ്ടു പ്രതികളും ഇതെ രീതിയില്‍ ദുബായ് വിമാനത്തവളത്തില്‍നിന്നും സ്വര്‍ണക്കടത്ത് കാരിയര്‍മാരായി മാറിയവരാണ്. ജോലികഴിഞ്ഞ നാട്ടിലേക്ക് അവധിക്കുവരികയായിരുന്ന രണ്ട് യുവാക്കളോട് ദുബായ് വിമാനത്തവളത്തില്‍വെച്ചു കാരിയര്‍മാര്‍ കാണുകയും സ്വര്‍ണം ഏല്‍പിക്കുകയുമായിരുന്നു. പിടിക്കപ്പെടില്ലെന്നും തങ്ങള്‍ സ്ഥിരമായി ഇത്തരത്തില്‍ അയക്കുന്നുണ്ടെന്ന് പറഞ്ഞ് ദൈര്യവും നല്‍കി. തുടര്‍ന്നാണ് മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കോണ്ടത്തിന്റെ കവറിനുള്ളിലാക്കി കൈമാറിയത്. ഇവ ശരീരത്തില്‍ ഒളിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ശരീരത്തിനകത്ത് സ്വര്‍ണം
നേരത്തെ ശരീരത്തിനകത്തു ഒളിപ്പിച്ചു കടത്താന്‍ പ്രത്യേക പരിശീലനം നേടിയവരാണ് കൊണ്ടുവന്നിരുന്നതെങ്കില്‍ നിലവില്‍ സാധാരണ യാത്രക്കാരോടും ഇതെ രീതിയിലാണ് സ്വര്‍ണക്കടത്ത് ഏജന്റുമാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ യാതൊരു പരിശീലനവും ലഭിക്കാതെ ഈ രീതിയില്‍ കടത്തുന്നത് രക്ഷപ്പെടാനുള്ള സാധ്യതയോടൊപ്പംതന്നെ പിടിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഇന്നലെ ഈ രീതിയില്‍ മലദ്വരത്തിലൂടെ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ കാരിയര്‍ കരിപ്പൂര്‍ വിമാനത്തവളത്തിലെത്തിയപ്പോള്‍ കടുത്ത വേദനയെ തുടര്‍ന്ന് പുറത്തെടുക്കുകയും കസ്റ്റംസ് പിടിയിലാവുകയും ചെയ്തുു.

രണ്ട് യാത്രക്കാരുടെ ശരീരത്തില്‍നിന്ന്
30 ലക്ഷം രൂപ വിലവരുന്ന ഒരു കിലോഗ്രാം സ്വര്‍ണം കഴിഞ്ഞ ദിവസം കണ്ടെടുത്തത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് എക്‌സ്‌റേ പരിശോധന നടത്തിയാണ് കസ്റ്റംസ് തൊണ്ടിമുതല്‍ കണ്ടെത്തിയത്. മലപ്പുറം നിലമ്പൂര്‍ സ്വദേശികളായ യൂനുസ് (35), ലിജിന്‍ വര്‍ഗീസ് (22) എന്നിവരാണു പിടിയിലായത്. സ്വര്‍ണമിശ്രിതം കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

സ്വര്‍ണ ക്യാപ്സൂളും
യൂനുസില്‍നിന്ന് അഞ്ച് കാപ്‌സ്യൂളുകളും ലിജിന്‍ വര്‍ഗീസില്‍നിന്ന് നാല് കാപ്‌സ്യൂളുകളുമാണു കണ്ടെടുത്തത്. ഇന്‍ഡിഗോ വിമാനത്തില്‍ 14ന് രാവിലെയാണ് ഇവര്‍ എത്തിയത്. വിമാനത്തവളങ്ങളിലനിന്നും ലഭിക്കുന്ന സ്വര്‍ണവുമായി പിടക്കപ്പെടുന്നവര്‍ സ്വര്‍ണത്തിന്റെ പിഴയടക്കുകയും മറ്റ് നിയമപ്രശ്‌നങ്ങളില്‍പെടുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. യു.എ.ഇയിലെ വിമാനത്തവളങ്ങള്‍ക്ക് പുറമെ ദോഹയില്‍നിന്നെത്തുന്ന യാത്രക്കാരുമാണ് നിലവില്‍ കൂടുതലായി സ്വര്‍ണം കടത്തുന്നതെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications