രുചിയുളള വിവിധ വിഭവങ്ങൾ: സ്ഥിര വരുമാനം ലക്ഷ്യം: ഫുഡ്ഫെസ്റ്റ് നടത്തി ഭിന്നശേഷിക്കാർ
മലപ്പുറം: വിവിധ വിഭവങ്ങൾ ഉണ്ടാക്കി ഫുഡ്ഫെസ്റ്റ് നടത്തി ഭിന്നശേഷിക്കാർ ശ്രദ്ധ നേടി. തിരൂർ കിൻഷിപ് റിഹാബിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് മക്കാനി ഫുഡ്ഫെസ്റ്റ് നടന്നത്. വീൽ ചെയറിലിരുന്നാണ് ഇവർ രുചിയുളള ഭക്ഷണം ഉണ്ടാക്കിയത്. ഭക്ഷണ വിൽപനയിലൂടെ ഭിന്നശേഷിക്കാരായ ആളുകൾക്ക് സ്ഥിര വരുമാനം ഉറപ്പ് വരുത്തുന്ന ഒരു സംരംഭം ആണ് മക്കാനി.
സുലൈമാനി, സ്വാദ്, തക്കാരം, അന്നം, എരിവും പുളിയും എന്നിങ്ങനെ പേരുകൾ ഇട്ട് 15 സ്റ്റാളുകളിലാണ് വിഭവങ്ങൾ നിരന്നത്. 45 പേർ ഫുഡ് ഫെസ്റ്റിൽ പങ്കെടുത്തിരുന്നു.

ചിക്കൻ സുർബിയാൻ റൈസ്, സുറുബക്കഞ്ഞി, കൊപ്രപ്പുട്ട്, കാരറ്റ് പായസം, ചക്കപ്പുഴുക്ക്, ഇറച്ചിപ്പത്തിരി, ലസാനിയ, കുഴിമന്തി, ജ്യൂസുകൾ എന്നിങ്ങനെ വിവിധ വിഭവങ്ങൾ ഭിന്നശേഷിക്കാർ ആവേശത്തോടെ തയ്യാറാക്കി. വീട്ടിൽ നിന്നാണ് ഇതിന് വേണ്ട മുന്നൊരുക്കങ്ങൾ ഇവർ നടത്തിയത്. ഒരുക്കുന്ന വിവിധ വിഭവത്തിൽ നിന്നും മികച്ച ഭക്ഷണം ഉണ്ടാക്കുന്നവർക്ക് സമ്മാനങ്ങളും ലഭിച്ചു.
ഫുഡ്ഫെസ്റ്റ് തുടങ്ങി നിമിഷങ്ങൾ കൊണ്ട് വിഭവങ്ങൾ തീർന്നിരുന്നു. പലരും ഭക്ഷണം ലഭിക്കാതെ നിരാശരായി മടങ്ങി. ഫുഡ്ഫെസ്റ്റ് നഗരസഭാ അധ്യക്ഷ എ.പി.നസീമ ഉദ്ഘാടനം ചെയ്തിരുന്നു. ഡോ. സമീർ ആധ്യക്ഷ്യത വഹിച്ചു. നാസർ കുറ്റൂർ, പി.എം.റഫീഖ്, യു.അൽതാഫ്, കെ.ബാബു, പി.അബ്ദുൽ ഫസൽ, ഡോ. വി.എം.അബ്ബാസ്, ടി.നിസാർ അഹമ്മദ് എന്നിവർ പരിപാടിയിൽ പ്രസംഗിച്ചിരുന്നു.
അതേസമയം, മലപ്പുറം ഗവൺമെൻറ് കോളേജിൽ നല്ല കിടിലൻ ഭക്ഷ്യമേള നടത്തിയിരുന്നു. ആയിരത്തിലേറെ വിഭവങ്ങളാണ് ഭക്ഷ്യമേളയിൽ ഒരുങ്ങിയത്. എം എസ് എഫ് സംഘടിപ്പിച്ച ഭക്ഷ്യമേളയായിരുന്നു വ്യത്യസ്തമായി ശ്രദ്ധ നേടിയത്. ഗവൺമെൻറ് കോളേജിലെ വിവിധ വകുപ്പുകളിലെ വിദ്യാർത്ഥികൾ ചേർന്നാണ് ഭക്ഷ്യ മേളയിൽ ഭക്ഷണം ഒരുക്കിയത്.
ഉറുദു വിദ്യാർത്ഥികളുടെ സൂഫി ബിരിയാണി , ഇസ്ലാമിക് ഹിസ്റ്ററികാരുടെ കുഷ്‌കയും, മലയാളം വിദ്യാർത്ഥികളുടെ പഴങ്കഞ്ഞിയും പൂളപുട്ടും, ബികോം വിദ്യാർത്ഥികളുടെ ഭാഗമായി മലേഷ്യൻ മോമോസും... എന്നിങ്ങനെ നിരവധി വിഭവങ്ങളാണ് മലപ്പുറം ഗവൺമെൻറ് കോളേജിൽ ഭക്ഷ്യമേളയിൽ ഒരുങ്ങിയത്.
നല്ല നാടനും മറു നാടനും മലേഷ്യയും അറേബ്യനും ഭക്ഷ്യ മേളയ്ക്ക് വ്യത്യസ്ത നൽകിയിരുന്നു. ഭക്ഷ്യ മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഉറുദു വിഭാഗമാണ്. വല്ലിമ്മപ്പത്തായത്തിൽ ഒരുക്കിയത് സൂഫി ബിരിയാണിയടക്കം 465 വിഭവങ്ങൾ.... എന്നാൽ ഇക്കണോമിക്സുകാരുടെ പറുദീസ സ്റ്റാളിനാണ് രണ്ടാം സമ്മാനം കരസ്ഥമാക്കിയത്.
അപൂർവ്വത്തിൽ അത്യപൂർവമായ വിഭവങ്ങളാണ് മലപ്പുറം ഗവൺമെൻറ് കോളേജ് സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ തീൻ മേശകളിൽ ഒരുങ്ങിയത്. ചരിത്ര വിഭാഗം ഒരുക്കിയ ഉമ്മൂമ്മാന്റെ വടക്കിനിയിൽ കൂവവരട്ടിയതും അറേബ്യൻ മധുര പലഹാരം ലുഖൈമത്തുമായിരുന്നു സ്പെഷൽ എന്ന് പറയാം. മസാല ച്ചപ്പാത്തിയും പൂളപ്പുട്ടുമൊക്കെയായി ഫിസിക്സ് പിള്ളേർ ഒരുക്കിയ സ്റ്റാളിന്റെ പേര് തന്നെ വെറൈറ്റി സൃഷ്ടിച്ചു. ഗ്രീക്ക് അക്ഷരമാലയിലെ 'തീറ്റ' എന്ന അക്ഷരത്തോടൊപ്പം മലയാളത്തിൽ മുക്ക് എന്നെഴുതിയ തീറ്റമുക്ക്.
എന്നാൽ, മലയാളം വിഭാഗം പിള്ളേരും വെറൈറ്റി കാഴ്ച വെച്ചു. തനി നാടൻ വിഭവങ്ങൾ ഒരുക്കിയാണ് മലയാളം വിഭാഗം ശ്രദ്ധ നേടിയത്. ദേഹണ്ണപ്പുരയിൽ പഴുത്ത മത്തങ്ങ ഉൾപ്പെടുത്തിയ സലാഡ് അടക്കം അടിപൊളി നാടൻ വിഭവങ്ങൾ മലയാളം വിഭാഗം ഒരുക്കി. ലുലുമാളിൽ' പോട്ട് ഷവർമ, ബണ്ടി, ലെയ്സ് ചാർട്ട് തുടങ്ങിയ കൗതുക വിഭവങ്ങളാണ് ബികോംകാരുടെ പ്രധാന വിഭവങ്ങൾ. എന്നാൽ, ബിരിയാണിക്കും കബ്സയ്ക്കും ഇടയിലുള്ള 'കുഷ്ക' എന്ന വിഭവം ഇസ്ലാമിക് ഹിസ്റ്ററി കാരുടെ പ്രഥമ വിഭവമായി മാറിയിരുന്നു.












Click it and Unblock the Notifications