പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പീഡിപ്പിച്ചു; പിതാവിന് 123 വര്‍ഷം തടവ്
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പ്രത്യേക പോക്സോ കോടതി 123 വര്‍ഷം തടവിന് ശിക്ഷിച്ചു. ഏഴ് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജഡ്ജി എ എം അഷ്‌റഫിന്റേതാണ് വിധി. പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് 12 ഉം 11 ഉം വയസായിരുന്നു. 2021 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്.
ഭാര്യ വീട്ടിലില്ലാത്ത സമയങ്ങളില്‍ ഇയാള്‍ മൂത്ത മകളെ നിരന്തരം പീഡിപ്പിക്കുകയും ഇളയവളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. ഇളയ പെണ്‍കുട്ടി സംഭവം അമ്മയോടും ഇവര്‍ പിന്നീട് അംഗന്‍വാടി ടീച്ചറെ അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ എടവണ്ണ പൊലീസ് 42 കാരനായ പിതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പോക്സോ നിയമത്തിലെ (ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) സെക്ഷന്‍ 5 (എന്‍) പ്രകാരമുള്ള കുറ്റമാണ് പൊലീസ് പിതാവിനെതിരെ ചുമത്തിയത്. ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമപ്രകാരമുള്ള അധിക കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പിഴയായി ലഭിക്കുന്ന ഏഴു ലക്ഷം രൂപ കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും ഉപയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ദമ്പതികള്‍ക്ക് അഞ്ച് കുട്ടികളുണ്ട്. ഒന്നര വര്‍ഷത്തിനുള്ളില്‍ ആണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്. കേസില്‍ പ്രോസിക്യുഷന്‍ 16 സാക്ഷികളെ ആണ് വിസ്തരിച്ചത്. 17 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ എ സോമസുന്ദരനാണ് ഹാജരായത്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications